ഇങ്ങോട്ട് ദ്രോഹിച്ചാൽ അങ്ങോട്ടും കൊടുക്കുമെന്ന് ഗണേശ് കുമാർ

At Malayalam
1 Min Read

കെ എസ് ആർ ടി സി യിലെ യാത്ര ഉപേക്ഷിച്ചു പോയ യാത്രക്കാരെ തിരികെ കെ എസ് ആർ ടി സി യാത്രക്കാരാക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. കെ എസ് ആർ ടി സി ജീവനക്കാർക്കിടയിൽ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകൾ കർശനമാക്കിയപ്പോൾ കെ എസ് ആർ ടി സി ഉൾപ്പെടുന്ന റോഡപകടങ്ങൾ വലിയ അളവിൽ കുറഞ്ഞതായും മന്ത്രി പറഞ്ഞു.

ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ഒറ്റ തവണയായി തന്നെ ശമ്പളം നൽകുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ബാങ്ക് വായ്പകൾ ലഭ്യമാക്കാനുള്ള സാങ്കേതിക തടസങ്ങൾ ഓരോന്നായി മാറ്റിക്കൊണ്ടിരിക്കുകയുമാണ്. വൈകാതെ പ്രശ്നങ്ങൾ പരിഹരിച്ച് ജീവനക്കാരുടെ വേതനക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ സൗകര്യങ്ങളുള്ള യാത്രാ ബസുകൾ നിരത്തിലിറക്കാൻ തുടങ്ങുകയാണ് കെ എസ് ആർ ടി സി . കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള എയർ കണ്ടിഷൻഡ് ബസുകൾ ഓടിക്കും. 23 ഡ്രൈവിംഗ് സ്കൂളുകൾ ഉടൻ തുടങ്ങും.

തമിഴ്നാട് സർക്കാർ കേരള സർക്കാരുമായി ആലോചിക്കാതെയാണ് ടൂറിസ്റ്റ് ബസുകളുടെ നികുതി വലിയ തോതിൽ കൂട്ടിയത്. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരിച്ചും ദ്രോഹിക്കും. ശബരിമല സീസണിൽ ഏറ്റവും കൂടുതൽ തീർത്ഥാടക വാഹനങ്ങൾ തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് വരുന്നതെന്ന് തമിഴ്നാട് സർക്കാർ ഓർത്താൽ നല്ലതെന്നും ഗണേശ് കുമാർ പറഞ്ഞു

- Advertisement -
Share This Article
Leave a comment