അത്ഭുതങ്ങൾ ഒന്നും നടന്നില്ല. ഓം ബിർല വീണ്ടും ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണ പാർലമെൻ്റംഗമായ അദ്ദേഹം രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓം ബിർലയുടെ പേര് സ്പീക്കർ സ്ഥാനത്തേക്ക് നിർദേശിച്ചു കൊണ്ട് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ലലൻ സിംഗ് എന്നിവർ പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു.
പ്രതിപക്ഷ കക്ഷികൾ വോട്ടെടുപ്പ് ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ശബ്ദ വോട്ടോടെയാണ് ഓം ബിർല സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷിൻ്റെ പേര് അരവിന്ദ് സാവന്ത്, സുപ്രിയ സുലെ എന്നിവർ നിർദേശിക്കുകയും എൻ കെ പ്രേമചന്ദ്രൻ, കനിമൊഴി എന്നിവർ പിന്താങ്ങുകയും ചെയ്തു.
പുതിയ സ്പീക്കർ ഓം ബിർലയെ പ്രധാനമന്ത്രി നരേന്ദ്രമോദി, നിയുക്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു എന്നിവർ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. തുടർന്ന് പ്രധാനമന്ത്രി പുതിയ സ്പീക്കറെ അനുമോദിച്ച് സംസാരിച്ചു. പ്രതിപക്ഷം കൂടി സഭയുടെ ഭാഗമാണന്ന് സ്പീക്കറെ ഓർമിപ്പിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. 61 കാരനായ ഓം ബിർല തുടർച്ചയായി രണ്ടാം തവണയാണ് ലോക്സഭാ സ്പീക്കറാക്കുന്നത്