നികേഷ് കുമാർ ഇനി ആ കോട്ട് ഇടില്ല

At Malayalam
1 Min Read

പ്രമുഖ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തന മേഖല ഉപേക്ഷിച്ചതായി അറിയിച്ചു. ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിരിക്കും താനെന്ന് അദ്ദേഹം പറയുന്നു. സി പി എം പ്രവർത്തകനായിട്ടാവും താൻ പൊതുരംഗത്ത് ഉണ്ടാവുക. 28 വർഷത്തെ മാധ്യമ പ്രവർത്തനമാണ് ഇതോടെ അവസാനിപ്പിക്കുന്നത്. സമീപ കാലത്ത് വലിയ പരിഷ്കരണത്തോടെ എത്തിയ റിപ്പോർട്ടർ ടി വിയുടെ എഡിറ്റർ ഇൻ ചീഫ് പദവി നികേഷ് ഇതിൻ്റെ ഭാഗമായി ഒഴിഞ്ഞിട്ടുമുണ്ട്.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായ എം വി രാഘവൻ്റെ മകന് രാഷ്ട്രീയവും രാഷ്ട്രീയ പ്രവർത്തനവും പുത്തരിയല്ല. 2016 ൽ സി പി എം സ്ഥാനാർഥിയായി അഴിക്കോട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്‌ലിം ലീഗിലെ കെ എം ഷാജിയോട് ചെറിയ വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ പ്രവർത്തിച്ചിരുന്ന നികേഷ് മലയാളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനലായ ഇന്ത്യ വിഷൻ തുടങ്ങിയപ്പോൾ അതിൻ്റെ എക്സിക്യൂട്ടിവ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. 2011 ൽ റിപ്പോർട്ടർ ടി വി യിൽ പ്രവർത്തിക്കാൻ തുടങ്ങി. സജീവ മാധ്യമ പ്രവർത്തകരായിരുന്ന ജോൺ ബ്രിട്ടാസ് രാജ്യ സഭാംഗമായും വീണാ ജോർജ് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രിയായും നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നവരാണ്.

Share This Article
Leave a comment