പശ്ചിമ ബംഗാളിൽ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിയുകയാണ്. ഗവർണർ സി വി ആനന്ദബോസും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നാൾക്കു നാൾ വർധിക്കുകയാണ്. ഉപ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്ന തൃണമൂൽ കോൺഗ്രസിലെ രണ്ട് എം എൽ എ മാർ പ്രതിഷേധ സമരം നടത്തുകയാണവിടെ. തങ്ങളുടെ സത്യ പ്രതിജ്ഞാ ചടങ്ങ് ഗവർണർ വന്ന് നിയമസഭയിൽ നടത്തണം. അല്ലെങ്കിൽ സ്പീക്കർക്കോ ഡെപ്യൂട്ടി സ്പീക്കർക്കോ അതിനുള്ള അനുമതി ഗവർണർ നൽകണം എന്നതാണ് ജയിച്ചു വന്ന തൃണമൂൽ എം എൽ എ മാരായ സയന്തിക ബന്ദോപാധ്യയുടെയും റായത്ത് ഹുസൈൻ സർക്കാരിൻ്റേയും ആവശ്യം.
ഗവർണർ സി വി ആനന്ദ ബോസ്, സത്യപ്രതിജ്ഞക്കായി നിയുക്ത എം എൽ എ മാരെ രാജ് ഭവനിലേക്ക് ക്ഷണിച്ചു. എന്നാൽ അത് കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമായതിനാൽ തങ്ങൾ രാജ്ഭവനിലേക്കില്ലെന്ന് ഇരുവരും നിലപാടെടുത്തു. ജന പ്രതിനിധികളായ തങ്ങൾക്ക് അധിക കാലം ഇങ്ങനെ തുടരാനാവില്ലെന്നും തങ്ങളെ വിജയിപ്പിച്ച ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടന്നും അവർ പറയുന്നു.
കുറച്ചു നാളായി പശ്ചിമ ബംഗാളിൽ ഗവർണറും സർക്കാരും തമ്മിലുള്ള പ്രത്യക്ഷ ഏറ്റുമുട്ടൽ തുടങ്ങിയിട്ട്. അതിൻ്റെ ഏറ്റവും അവസാനത്തെ തർക്കമാണിത്. ആര് ആർക്ക് വഴങ്ങും എന്നതാണ് ഇനി കണ്ടറിയാനുള്ളത്