ഇന്ത്യയിൽ ആദ്യമായി ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരം നടക്കും. എൻ ഡി എ സ്ഥാനാർത്ഥിയായി ഓം ബിർലയും ഇന്ത്യ മുന്നണി സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷും മത്സരിക്കും. ഇതു വരേയും ഭരണ-പ്രതിപക്ഷ അംഗങ്ങൾ സമവായത്തോടെയാണ് ലോക്സഭാ സ്പീക്കറെ തെരഞ്ഞെടുത്തിരുന്നത്. ഒപ്പം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷ കക്ഷികൾക്ക് നൽകുകയുമായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വിട്ടുകൊടുക്കാൻ ബി ജെ പി തയ്യാറാകുന്നില്ല എന്നിടത്താണ് സമവായ സാധ്യതകൾ മങ്ങിയത്.
പ്രതിപക്ഷ കക്ഷികളുമായി സമവായത്തിലെത്താൻ എൻ ഡി എ ശ്രമം നടത്തിയിരുന്നു. പ്രമുഖ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ രാജ് നാഥ് സിംഗ് കോൺഗ്രസ്, ഡി എം കെ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. മല്ലി കാർജുൻ ഖാർഗെ, എം കെ സ്‌റ്റാലിൻ, മമതാ ബാനർജി എന്നീ നേതാക്കൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്തപ്പോൾ ബി ജെ പി പിന്നാക്കം പോയതായാണ് വിവരം.
തുടക്കം മുതൽ തന്നെ പ്രതിപക്ഷവുമായി രമ്യതയിൽ പോകാൻ കഴിയാത്തത് എൻ ഡി എ യ്ക്ക് തലവേദനയായേക്കും. പ്രോടേം സ്പീക്കറെ തെരഞ്ഞെടുത്തപ്പോൾ, ലോക്‌സഭയിലെ ഏറ്റവും മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനായിരുന്നു അവസരം നൽകേണ്ടിയിരുന്നത്. എന്നാൽ ബി ജെ പി അത് നിഷേധിക്കുകയായിരുന്നു. അവിടം മുതൽ തുടങ്ങിയ കല്ലുകടി ഇനിയും തുടരും എന്നു തന്നെയാണ് ലഭിക്കുന്ന സൂചനകൾ. അന്ന് അവഗണിച്ച കൊടിക്കുന്നിലിനെ ഇപ്പോൾ സ്പീക്കർ സ്ഥാനാർത്ഥിയാക്കി പുതിയൊരു പോർമുഖത്തിനു വഴിയൊരുക്കുകയാണ് ഇന്ത്യ മുന്നണി എന്നു വേണം കരുതാൻ