ഒ ആർ കേളുവിൻ്റെ സത്യപ്രതിജ്ഞ ഇന്ന്

At Malayalam
1 Min Read

സി പി എം നേതാവ് ഒ ആർ കേളു മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും. സംസ്ഥാന പട്ടികജാതി – പട്ടിക വർഗ വകുപ്പു മന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ഇടതു മുന്നണിയുടെ ആദ്യ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള മന്ത്രിയാണ് ഒ ആർ കേളു. ഇതോടെ വയനാട് ജില്ലയ്ക്കും മന്ത്രി സഭയിൽ പ്രാതിനിധ്യം ഉണ്ടാവുകയാണ്.

മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ ആലത്തൂർ മണ്ഡലത്തിൽ നിന്നും പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഒ ആർ കേളുവിനെ പുതിയ മന്ത്രിയായി ഇടതു മുന്നണി തീരുമാനിച്ചത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നതിൽ പട്ടികജാതി – പട്ടിക വർഗ വകുപ്പു മാത്രമാണ് ഒ ആർ കേളുവിന് നൽകുന്നത്. മറ്റു രണ്ടു വകുപ്പുകളായിരുന്ന ദേവസ്വം, മന്ത്രി വാസവനും പാർലമെൻ്ററി കാര്യം എം ബി രാജേഷിനുമാണ് നൽകിയിരിക്കുന്നത്. ഇത് വിമർശനങ്ങൾക്കും വഴി വച്ചിട്ടുണ്ട്.

ദീർഘകാലത്തെ പൊതു പ്രവർത്തന പാരമ്പര്യവുമായാണ് കേളു മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് പദവി മുതൽ പടിപടിയായി ഉയർന്നാണ് ഇപ്പോൾ സംസ്ഥാനത്തെ മന്ത്രിയാകുന്നത്. നിയമസഭയിൽ അദ്ദേഹത്തിന് ഇത് രണ്ടാമൂഴമാണ്. ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യം മന്ത്രിയായത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പി കെ ജയലക്ഷ്മിയാണ്. ജയലക്ഷ്മിയെ തോൽപ്പിച്ചാണ് ഒ ആർ കേളു നിയമസഭയിൽ എത്തിയതും ഇപ്പോൾ മന്ത്രിയാകുന്നതും. ഇരുവരും ആദിവാസി സമൂഹത്തിലെ കുറിച്യ സമുദായത്തിൽ നിന്നുള്ളവരാണ് എന്ന സാമ്യവുമുണ്ട്

Share This Article
Leave a comment