പൊലിസ് മാമൻമാർ വാക്കു പാലിച്ചു. സൈക്കിൾക്കള്ളനെ കയ്യോടെ അവർ പൊക്കി. അവന്തികയുടെ മോഷണം പോയ പുതിയ സൈക്കിൾ തിരികെ കിട്ടി. കയ്യിലുണ്ടായിരുന്ന സൈക്കിൾ കള്ളൻ മോഷ്ടിച്ചത് കൊണ്ട് പുതിയ സൈക്കിൾ വാങ്ങാൻ സഹായിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക് മെയിൽ അയച്ച അവന്തികയ്ക്ക് മന്ത്രി സൈക്കിൾ സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ആ സൈക്കിളും കള്ളൻ കൊണ്ടു പോയത് സങ്കടത്തോടെയാണ് എല്ലാവരും കേട്ടത്.
അവന്തികയുടെ പരാതിയിൽ കേസെടുത്ത പൊലിസ് പറഞ്ഞിരുന്നു ‘മോള് വിഷമിക്കണ്ട, കള്ളനെ ഉടൻ പിടികൂടി സൈക്കിൾ തിരികെ വാങ്ങി തരാമെന്ന് ‘. പൊലിസ് മാമൻമാർ വാക്കുപാലിച്ചു. ഇന്നലെ കള്ളനെ അവർ തൂക്കി. ആലപ്പുഴ ജില്ലയിലെ ആറാട്ടു വഴിയിലുള്ള ഷാജിയാണ് അവന്തികയുടെ സൈക്കിൾ മോഷ്ടിച്ചത്. ഷാജിയെ പിടി കൂടി അവന്തികയുടെ സൈക്കിൾ തിരിച്ചു നൽകുകയും ചെയ്തു പൊലിസ്.
താമസിക്കുന്നത് ഒന്നാം നിലയിലായിരുന്നതിനാൽ താഴെ സ്കൂട്ടർ പാർക്കിംഗിലാണ് സൈക്കിൾ വച്ചിരുന്നത്. അയലത്തെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പൊലിസ് കള്ളനെ കണ്ടെത്തി പിടി കൂടിയത്.
