സ്വന്തമായി ഉണ്ടായിരുന്ന സൈക്കിൾ മോഷണം പോയതിനാൽ ഒരു പുതിയ സൈക്കിൾ വാങ്ങാൻ സഹായിക്കണം എന്നു കാണിച്ച് രണ്ടു മാസം മുമ്പ് കൊച്ചി പാലാരിവട്ടം സ്വദേശിയായ സ്കൂൾ വിദ്യാർഥിനി അവന്തിക വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഇ മെയിൽ അയച്ചിരുന്നു. ജൂൺ മൂന്നിന് സംസ്ഥാന സ്കൂൾ പ്രവേശന ഉത്സവത്തോടനുബന്ധിച്ച് മന്ത്രി കൊച്ചിയിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി മന്ത്രി അവന്തികയ്ക്ക് പുതിയ ഒരു സൈക്കിൾ സമ്മാനിച്ചിരുന്നു. അന്ന് ആ സന്തോഷത്തിൽ മതി മറന്ന് ചിരിച്ച അവന്തികയെ ആരും മറന്നു കാണില്ല.
വീട്ടിൽ പൊന്നു പോലെ സൂക്ഷിച്ചിരുന്ന മന്ത്രി സമ്മാനിച്ച പുതിയ സൈക്കിൾ ഇന്നലെ വീണ്ടും മോഷണം പോയി. പുലർച്ചെ 4.30 ഓടെയാണ് മോഷ്ടാവെത്തി സൈക്കിൾ കടത്തിക്കൊണ്ടു പോയത്. സി സി ക്യാമറയിൽ മോഷണ രംഗം പതിഞ്ഞുവെങ്കിലും ചിത്രം അത്ര വ്യക്തമല്ല. മഴക്കോട്ടണിഞ്ഞ് മോഷ്ടിക്കാനെത്തിയ കള്ളനെ കയ്യിൽ കിട്ടിയാൽ കൊല്ലാനുള്ള ദേഷ്യത്തിലാണ് അവന്തിക.
ഒന്നാം നിലയിലാണ് അവന്തികയുടെ കുടുംബം താമസിക്കുന്നത്. അതിനാൽ താഴെ സ്കൂട്ടർ പാർക്കിംഗിലാണ് സൈക്കിൾ പൂട്ടിവച്ചിരുന്നത്. അവിടെ നിന്നാണ് കള്ളൻ സൈക്കിൾ പൊക്കിയെടുത്ത് കടന്നു കളഞ്ഞത്. കള്ളനെ വേഗം പിടിച്ച് അവന്തികയുടെ സൈക്കിൾ തിരികെ നൽകാമെന്ന് പാലാരിവട്ടം പൊലിസ് അവന്തികയ്ക്ക് ഉറപ്പു നൽകിയിരിയ്ക്കുകയാണ്