എഴുപതുകളുടെ ആരംഭത്തിൽ മലയാള ചലച്ചിത്ര, ലളിത ഗാന മേഖലയെ മാന്ത്രിക രചനകള്‍ കൊണ്ട് സമ്പുഷ്ടമാക്കിയ ഗാനരചയിതാവായിരുന്ന
പൂവച്ചല്‍ ഖാദരർ വിടപറഞ്ഞ് മൂന്നാണ്ട് പിന്നിടുന്നു.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്ന ഗ്രാമത്തില്‍ ആണ് ജനനം. അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയാ ബീവിയുടെയും മകനായി 1948 ഡിസംബർ 25 നാണ് ഖാദർ ജനിച്ചത്. മുഹമ്മദ് അബ്ദുൾ ഖാദർ എന്ന പൂവച്ചൽ ഖാദറിൻ്റെ ട്യൂഷൻ അധ്യാപകനായിരുന്ന വിശ്വേശ്വരന്‍ നായരാണ് ഖാദറിൻ്റെ പ്രതിഭ തിരിച്ചറിഞ്ഞ് വായനയുടെ വിശാലമായ ലോകത്തിലേക്ക് ഖാദറിനെ നടത്തി വിട്ടത്. ഗുരുവിൻ്റെ താൽപര്യത്തിൽ കയ്യെഴുത്ത് മാസികയിലേക്ക് കവിത എഴുതിക്കൊണ്ട് സാഹിത്യ രംഗത്തേക്കും പ്രവേശിച്ചു ഖാദർ. ഉണരു എന്ന ആ കവിതയ്ക്ക് കിട്ടിയ പ്രോത്സാഹനം കൂടുതല്‍ പരന്ന വായനയിലേക്കും ഗാന രചനകൾക്കും പ്രചോദനമായി ഖാദർ അനുസ്മരിച്ചിട്ടുണ്ട്.
ഹൈസ്കൂൾ പഠനശേഷം സാങ്കേതിക വിദ്യഭ്യാസത്തിന്
വലപ്പാടുള്ള സർക്കാർ പോളിടെക്നിക് കോളജിൽ ചേര്‍ന്നു. അവിടേയും എഴുത്തിന് വലിയ പിന്തുണ കിട്ടി. കവിതകള്‍ക്കൊപ്പം ടെക്നിക്കൽ കോളജിലെ കലോത്സവ നാടകത്തിൽ ഗാനങ്ങൾ എഴുതുവാനും അവസരം കിട്ടി. പോളി ഡിപ്ലോമക്ക് ശേഷം തുടര്‍ പഠനത്തിന് തിരുവനന്തപുരത്തെ സർക്കാർ എൻജിനീയറിംഗ് കോളേജില്‍ ചേര്‍ന്നപ്പോഴും കവിതാ, ഗാന രചനകൾ തുടർന്നു കൊണ്ടിരുന്നു.
എഞ്ചിനീയറിങ്ങ് കഴിഞ്ഞ ഉടൻ സംസ്ഥാന പൊതുമരാമത്തു വകുപ്പിൽ ഓവർസിയർ ആയി കോഴിക്കോട് നിയമനം കിട്ടി. ചന്ദ്രിക ആഴ്ചപതിപ്പില്‍ സ്ഥിരമായി കവിതകള്‍ എഴുതുന്നതിനോടൊപ്പം ആകാശവാണി കോഴിക്കോട് നിലയവുമായി ബന്ധപെടാനും ലളിത ഗാനങ്ങള്‍ എഴുതാനും ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. താമസിയാതെ തന്നെ ചലച്ചിത്ര ഗാനരചനയിലേക്കും കടക്കാനുള്ള ഭാഗ്യവുമുണ്ടായി.
ചന്ദ്രികയില്‍ എഡിറ്റര്‍ ആയിരുന്ന കാനേഷ് പൂനൂർ പ്രശസ്ത സംവിധായകൻ ഐ വി ശശിയെ പരിചയപ്പെടുത്തിയതാണ് ഖാദറിൻ്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ‘കവിത’ എന്ന ചിത്രത്തിനു വേണ്ടി ഏതാനും കവിതകള്‍ എഴുതിക്കൊണ്ടാണ് 1972 ല്‍ പൂവച്ചൽ ഖാദറിൻ്റെ ചലച്ചിത്ര പ്രവേശനം. രാഘവന്‍ മാസ്റ്റര്‍ ആയിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചത്. കൂടാതെ ചുഴി, കാറ്റ് വിതച്ചവന്‍ എന്നീ ചിത്രങ്ങള്‍ക്കും ഗാനരചന നിർവഹിച്ചു ഖാദർ. സിനിമാ പ്രവേശത്തിൻ്റെ തുടക്കകാലത്ത് തന്നെ എം എസ് ബാബുരാജ്, ജി ദേവരാജന്‍, കെ രാഘവൻ എന്നീ അതുല്യ സംഗീത സംവിധായകർക്ക് വേണ്ടി ഗാനരചന നടത്താൻ സാധിച്ചത് ഖാദറിന് മുതൽക്കൂട്ടായി .1975ല്‍ ഐവി ശശിയുടെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രമായ ‘ഉത്സവ’ ത്തിന് പാട്ടെഴുതുമ്പോഴേക്കും പൂവച്ചൽ ഖാദർ ശ്രദ്ധേയനായ ഗായരചയിതാവായി മാറിയിരുന്നു’
എഴുപതുകളുടെ അവസാന ഘട്ടത്തിലും എണ്‍പതുകളുടെ തുടക്കത്തിലും ഖാദറിന്റെ തേരോട്ടമാണ് ചലച്ചിത്ര സംഗീതാസ്വാദകർ കണ്ടത്. രവീന്ദ്രന്‍, എം ജി രാധാകൃഷ്ണന്‍, ജോൺസൺ, എം കെ അര്‍ജുനന്‍, എ ടി ഉമ്മര്‍, ശ്യാം, കെ ജെ ജോയ്, എം എസ് വിശ്വനാഥന്‍ തുടങ്ങി പൂവച്ചലിന്റെ വരികൾക്ക് ഈണം നൽകാത്ത സംഗീത സംവിധായകര്‍ അപൂർവ്വമായിരുന്നു. 350ല്‍ പരം സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയ ഖാദർ ആകാശവാണി ലളിതഗാനങ്ങള്‍ക്കു പുറമേ നാടക ഗാനങ്ങൾ, മാപ്പിളപാട്ടുകള്‍ എന്നിവയിലും തൻ്റേതായ മുദ്ര പതിപ്പിച്ചു.
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ പൂവച്ചൽ ഖാദർ കളീവീണ, പാട്ടു പാടാന്‍ പഠിക്കുവാന്‍, ചിത്തിരത്തോണി എന്നീ കവിതാ സമാഹാരങ്ങളുടെ കൂടി കർത്താവാണ്.
2021 ജൂണ്‍ 22ന് രാത്രി 12.15ന് കൊവിഡ് മഹാമാരി അദ്ദേഹത്തിൻ്റെ ജീവൻ കവർന്നു. ഭാര്യ അമീന, മക്കള്‍ രണ്ടു പേർ – തുഷാരയും പ്രസൂനയും
‘ജയദേവ കവിയുടെ ഗീതികൾ കേട്ടെൻ്റെ രാധേ ഉറക്കമായോ’ എന്ന അതിപ്രശസ്ത ലളിതഗാനം ആകാശവാണിയിലൂടെ എം ജി രാധാകൃഷ്ണൻ്റെ സംഗീതത്തിൽ ഭാവഗായകൻ പി ജയചന്ദ്രൻ്റെ മനോഹര ശബ്ദത്തിൽ ശ്രോതാക്കൾ നെഞ്ചിലേറ്റി. ‘രാധേ നിന്നെ ഉണർത്താൻ’ എന്ന മറ്റൊരു ഗാനം ജി വേണുഗോപാലിൻ്റെ ശബ്ദത്തിലൂടേയും ‘ഓരോ കിനാവിൻ്റെ ചന്ദനക്കാറ്റിലും ഓടി വരും മണിമാരൻ’ തുടങ്ങി അനേകം ലളിത ഗാനങ്ങൾ അന്നത്തെ റേഡിയോ ശ്രോതാക്കൾ മൂളി നടന്നിരുന്നതാണ്.
‘നീയെൻ്റെ പ്രാർത്ഥന കേട്ടു’ എന്ന ഭക്തിഗാനവും കൂടുതൽ കേട്ടത് ആകാശവാണിയിലൂടെ തന്നെയാവും.
സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം ), അഹദോൻ്റെ തിരുനാമം( പതിനാലാം രാവ്), ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ, ശരറാന്തൽ തിരിതാണു (കായലും കയറും), ഏതോ ജന്മ കല്പനയിൽ (പാളങ്ങൾ ),
സിന്ദൂരസന്ധ്യക്ക് മൗനം (ചൂള), മൗനമേ നിറയും മൗനമേ ( തകര), നാഥാ നീ വരും കാലൊച്ച (ചാമരം), രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി ), തേങ്ങും ഹൃദയം (ആട്ടക്കലാശം), ഹൃദയം ഒരു വീണയായ് ( തമ്മിൽ തമ്മിൽ), മന്ദാരച്ചെപ്പുണ്ടോ ( ദശരഥം),
അനുരാഗിണി ഇതാ എൻ ( ഒരു കുടക്കീഴിൽ) തുടങ്ങി 1,200 ൽ പരം ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ പൂവ്വച്ചൽ ഖാദറിന് കണ്ണീർ പ്രണാമം.