വിദ്യാർത്ഥിനിയെ ഉപദ്രവിച്ച പ്രതിയുടെ മൂക്കിടിച്ചു തകർത്ത് അമ്മ

At Malayalam
1 Min Read

ബസ് യാത്രക്കിടയിൽ മകളോട് മോശമായി പെരുമാറിയ ആളിൻ്റെ മൂക്കിൻ്റെ അസ്ഥി കുട്ടിയുടെ അമ്മ ഇടിച്ചു തകർത്തു. അമ്മക്കെതിരെ പൊലിസ് കേസും എടുത്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ നെല്ലിമുകൾ ജംഗ്ഷനിലാണ് ഇന്നലെ വൈകിട്ട് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് ടു വിദ്യാർത്ഥിനിയായ കുട്ടിയെ സ്കൂളിൽ നിന്നു മടങ്ങി വരുന്ന വഴി ബസിനുള്ളിൽ വച്ച് രാധാകൃഷ്ണപിള്ള എന്ന വ്യക്തി ഉപദ്രവിക്കാൻ ശ്രമിച്ചു.

ബസിറങ്ങിയ കുട്ടി ഫോണിൽ അമ്മയോട് വിവരം പറഞ്ഞു. നെല്ലിമുകൾ ജംഗ്ഷനിൽ മകളോടൊപ്പം എത്തിയ അമ്മ രാധാകൃഷ്ണപിള്ളയെ കണ്ടെത്തി ചോദ്യം ചെയ്തു. അയാൾ ഉടനേ പെൺകുട്ടിയുടെ അമ്മയേയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് വാക്കേറ്റവും പിടി വലിയുമായി. ഇതിനിടെ അമ്മ രാധാകൃഷ്ണപിള്ളയുടെ മൂക്കിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ അയാളുടെ മൂക്കിൻ്റെ പാലം തകർന്ന് ചോരയൊലിച്ചു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുവരേയും പിടിച്ചു മാറ്റുകയും പൊലിസിൽ വിവരമറിയിക്കുകയും ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് അമ്പത്തി ഒമ്പതുകാരനായ രാധാകൃഷ്ണപിള്ളക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ദേഹോപദ്രവം ഏൽപ്പിച്ച വകുപ്പിലാണ് പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലിസ് പറഞ്ഞു.

Share This Article
Leave a comment