ചലച്ചിത്ര സംവിയാധകൻ വേണു ഗോപൻ അന്തരിച്ചു. 1998 ൽ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പെന്ന ആദ്യ ചിത്രത്തോടെ അദ്ദേഹം ശ്രദ്ധേയനായ സംവിധായകനായിരുന്നു. പിന്നാലെ എത്തിയ ഷാർജ ടു ഷാർജ, ചൂണ്ട, ദി റിപ്പോർട്ടർ,സ്വർണം തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന് 70 വയസായിരുന്നു പ്രായം.
കുസൃതിക്കുറുപ്പ് എന്ന ആദ്യ ചിത്രത്തിൽ ജയറാം – മീന ജോഡികളായിരുന്നു നായികാനായകൻമാരായത്. ജഗതി ശ്രീകുമാർ, ഇന്നസെൻ്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെ പി എ സി ലളിത എന്നിവരും പ്രധാന വേഷത്തിലുണ്ടായിരുന്നു. ഒരു സംവിധായകൻ്റെ ആദ്യ ചിത്രമെന്നു തോന്നാത്ത വിധം മനോഹരമായും പാളിച്ചകളില്ലാതെയുമാണ് ചിത്രം 1998 ൽ പുറത്തിറങ്ങിയത്. ബോക്സ് ഓഫിസിൽ മികച്ച വിജയമായ ചിത്രം സിനിമാ ലോകത്ത് വേണു ഗോപന് നല്ല പേരുമുണ്ടാക്കിയിരുന്നു.
ഷാർജ ടു ഷാർജ എന്ന ചിത്രത്തിലും ജയറാമായിരുന്നു നായകൻ. നായികയായി ഐശ്വര്യ എത്തിയ ചിത്രത്തിൽ എം എൻ നമ്പ്യാര്യം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്തരിച്ച നടൻ ജിഷ്ണു രാഘവനായിരുന്നു ചൂണ്ട എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. സിദ്ദിഖ്, നിത്യാദാസ്, ഗീതു മോഹൻദാസ് എന്നിവരും അഭിനയിച്ച ചിത്രം സാമ്പത്തികമായി മെച്ചമായിരുന്നില്ലെങ്കിലും സാങ്കേതികമായി മികച്ച നിലവാരം പുലർത്തിയിരുന്ന ചിത്രമായിരുന്നു.
ദി റിപ്പോർട്ടർ എന്ന വേണു ഗോപൻ ചിത്രത്തിൽ കൈലാഷും അനന്യയും പ്രധാന വേഷത്തിലെത്തിയപ്പോൾ അദ്ദേഹത്തിൻ്റെ അവസാന ചിത്രമായ സർവോപരി പാലാക്കാരനിൽ അനൂപ് മേനോനാണ് നായകനായത്.