നടൻ അനുപം ഖേറിൻ്റെ വീട്ടിൽ മോഷണം. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയും ഒരു സിനിമയുടെ നെഗറ്റീവും കള്ളൻമാർ കവർന്നതായാണ് വിവരം. മുംബൈയിലെ വീരദേശായി റോഡിലുള്ള ഓഫിസിലാണ് കവർച്ച നടന്നത്. നടൻ തന്നെയാണ് വിവരം സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചത്. ദൈവം അവർക്ക് നല്ല ബുദ്ധി നൽകട്ടേയെന്നും വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്.
മോഷ്ടാക്കളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചതായും അവർ എത്രയും വേഗം അവരെ പിടി കൂടുക തന്നെ ചെയ്യുമെന്നും അനുപം ഖേർ അറിയിച്ചു. ഇന്നലെ രാവിലെ ഓഫിസ് ജീവനക്കാർ എത്തിയപ്പോഴാണ് ഓഫിസിൻ്റെ മുൻവാതിൽ തകർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.
മോഷ്ടാക്കൾക്കായി അന്വേഷണം തുടങ്ങിയതായും എത്രയും വേഗം അവരെ അറസ്റ്റുചെയ്യുമെന്നും പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.
