തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ നാലു ജില്ലകളിലും നിലവിൽ മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനുള്ള സാധ്യതയും ശക്തമായ ഇടിമിന്നലും ഉണ്ടായേക്കും.
വടക്കൻ ജില്ലകളിൽ വെള്ളിയാഴ്ച മുതൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഈ മൂന്നു ജില്ലകളിലും നാളെ (വെള്ളി) ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ശനിയാഴ്ച കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദേശമുണ്ട്.
കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറു ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിൻ്റെ തീരപ്രദേശങ്ങളിൽ ഇന്ന് (വ്യാഴം) രാത്രി 8.30 മുതൽ നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.