രാജ്യ സഭയിലേക്ക് കേരളത്തിൻ്റെ എം പി മാരായി

At Malayalam
1 Min Read

കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി, സി പി ഐ നേതാവ് പി പി സുനീർ, മുസ്‌ലിം ലീഗ് നേതാവായ ഹാരിസ് ബീരാൻ എന്നിവർ രാജ്യസഭയിൽ കേരളത്തെ പ്രതിനിധീകരിക്കും. പത്രിക പിൻവലിക്കാനുള്ള സമയ പരിധി കഴിഞ്ഞപ്പോൾ മൂന്നു ഒഴിവുകളിൽ മൂന്നു സ്ഥാനാർത്ഥികൾ മാത്രം അവശേഷിച്ചപ്പോഴാണ് മൂവരേയും വിജയികളായി പ്രഖ്യാപിച്ചത്. ഈ മാസം 25 ന് ആയിരുന്നു രാജ്യ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

ജോസ് കെ മാണി

മുൻ മന്ത്രിയും കേരള കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന കെ എം മാണിയുടെ മകൻ. നിലവിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയത്തു നിന്നുള്ള പാർലമെൻ്റംഗവുമായിരുന്നു. രാജ്യസഭയിൽ ഇത് രണ്ടാമൂഴം.

- Advertisement -

പി പി സുനീർ

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായ പി പി സുനീർ മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം നിലവിൽ ഹൗസിംഗ് ബോർഡ് വൈസ് ചെയർമാനുമാണ്.

ഹാരിസ് ബീരാൻ

സുപ്രിം കോടതിയിലെ പേരെടുത്ത അഭിഭാഷകൻ. മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെ എം സി സി യുടെ ഡെൽഹി ഘടകത്തിൻ്റെ പ്രസിഡൻ്റ്. പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് നടത്തിയ നിയമ യുദ്ധങ്ങളിലെ പ്രധാന കണ്ണിയായിരുന്നു ഹാരിസ് ബീരാൻ. എറണാകുളം ആലുവ സ്വദേശിയാണ്. ലോയേഴ്സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്നു. മുസ്‌ലിം ലീഗിൻ്റെ ഭരണ ഘടനാ സമിതി അംഗവുമാണ് നിലവിൽ ഹാരിസ് ബീരാൻ.

രാജ്യ സഭയിൽ കേരളത്തിന് ഒമ്പത് അംഗങ്ങളുടെ പ്രാതിനിധ്യമാണുള്ളത്.

- Advertisement -
Share This Article
Leave a comment