പച്ചക്കറി കടയിലേക്ക് നോക്കിയാൽ കീശ കാലിയാകുന്ന അവസ്ഥയാണിപ്പോൾ. ദീർഘകാലത്തെ കൊടുംചൂട്, അസമയത്തുള്ള മഴ ഇതെല്ലാം കൂടി ചേർന്ന് ‘ജോഷി ചതിച്ചാശാനേ’ എന്ന പഴയ സിനിമാ ഡയലോഗ് പറയേണ്ടിവരികയാണിപ്പോൾ. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് വല്ലാതെ കുറഞ്ഞു. അപ്പൊ തന്നെ മാർക്കറ്റിൽ വില റോക്കറ്റിനെ തോൽപ്പിച്ചു തുടങ്ങി എന്നാണ് കച്ചവടക്കാർ പറയുന്നത്.
പണ്ടേ ദുർബല പോരെങ്കിൽ ഗർഭിണി എന്ന അവസ്ഥയാണ് മീനിനുള്ളത്. നേരത്തേ തന്നെ മീനിന് മാർക്കറ്റിൽ നല്ല വിലയുണ്ട്. കിട്ടുന്ന മീനിൻ്റെ ഗുണ നിലവാരമാകട്ടെ വാങ്ങുന്നവൻ്റെ തലവിധി പോലിരിക്കുകയും ചെയ്യും. അതിനിടയിൽ ട്രോളിംഗ് നിരോധനം കൂടി നിലവിൽ വന്നതോടെ മീൻ കിട്ടാക്കനിയായി എന്നു മാത്രമല്ല, തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥയുമായി.
കുടുംബ ബജറ്റ് പൊട്ടിപ്പൊളിഞ്ഞ് ഒരരികിലായതായി ശരാശരി മലയാളികൾ പറയുന്നു. തക്കാളി കിലോ 100 രൂപ, മുരിങ്ങാക്കായിൽ നോക്കിപ്പോയാൽ ഷോക്കടിക്കും, കിലോക്ക് 200 രൂപയാണ് വില. കാരറ്റ് 120, ഇഞ്ചി 200, ബീൻസിന് 120 രൂപയും ഒരു അടിപൊളി തമിഴ് പാട്ടും കൂടി പാടി കൊടുത്താലേ ഒരു കിലോ തരികയുള്ളു. വീട്ടിലെ മുരിങ്ങ ഇല, ചീര, കോവയ്ക്ക ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യുകയാണന്നാണ് വിലയിൽ പകച്ച് മാർക്കറ്റു വിട്ട ഒരു മലയാളി പറഞ്ഞത്.
മത്സ്യ മാർക്കറ്റിലെ പുതിയ സൂപ്പർ സ്റ്റാർ ചാളയാണ്. 300 മുതൽ 400 രൂപ വരെയാണ് ചാള ഒരു കിലോയുടെ മാർക്കറ്റു വില. മറ്റു മത്സ്യങ്ങളുടെ ലഭ്യതക്കുറവ് അനുദിനം മാർക്കറ്റിൽ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. തിലാപ്പിയ അടക്കമുള്ള വളർത്തു മത്സ്യങ്ങളും അധികം വരാറില്ലെന്ന് വ്യാപാരികൾ പറയുന്നു.
പച്ചക്കറിയും മീനും വിട്ട് മാംസ വ്യാപാര കേന്ദ്രത്തിൽ പോകാമെന്ന് കരുതി ആശ്വസിക്കണ്ട. കോഴിവില കിലോക്ക് ഏകദേശം 200 ന് അടുത്തു വരും. അത് ഇറച്ചിക്കോഴി ( വെള്ള കോഴി) യ്ക്കാണ്. നാടൻ കോഴി വില കിലോക്ക് 350 നടുത്തുണ്ട്. ആട്ടിറച്ചി, പോത്തിറച്ചി തുടങ്ങിയവക്കും മാർക്കറ്റിൽ ഉയർന്ന വില നൽകണം.