കൊച്ചി കാക്കനാട്ട് വയറിളക്കവും ഛർദിയും ബാധിച്ച് നാനൂറോളം പേർ ആശുപത്രിയിൽ ചികിത്സ തേടി. കാക്കനാട്ടെ ഡി എൽ എഫ് ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് ഇത്തരത്തിൽ അസുഖം ബാധിച്ച് ആശുപത്രിയിൽ എത്തിയത്. ഇവിടത്തെ കുടിവെള്ളം പരിശോധിച്ചപ്പോൾ ഇ കോളി ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
അഞ്ചുവയസിനു താഴെ പ്രായമുള്ള ഇരുപത്തി അഞ്ച് കുട്ടികളും ചികിത്സയിലാണ്. ഈ മാസം ആദ്യം മുതൽ ഘട്ടംഘട്ടമായാണ് അസുഖം ബാധിച്ചു തുടങ്ങിയത്. 15 നിലകളിൽ 1268 ഫ്ലാറ്റുകളിലായി അയ്യായിരത്തിലധികം താമസക്കാർ ഇവിടെയുണ്ട്. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയിൽ ഫ്ളാറ്റിൻ്റെ ഗ്രൗണ്ട് ഫ്ളോറിൽ വരെ വെള്ളം കയറിയിരുന്നു. അന്ന് താഴെയുള്ള ജലസംഭരണിയിൽ വെള്ളം കയറിയതാണ് പ്രശ്നമായതെന്ന് കരുതുന്നു.
ഫ്ളാറ്റുകളിലേക്ക് വെള്ളം എത്തിച്ചിരുന്ന കുഴൽ കിണർ, മുൻസിപ്പൽ ലൈൻ എന്നിവയുടെ ഉപയോഗം തൽക്കാലം നിർത്തിയിട്ട് ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ചാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു