ഓടുന്ന വണ്ടിയിലിരുന്ന് മുറുക്കാൻ, പാൻ മസാല എന്നിവ ചവച്ചും ഇതൊന്നുമല്ലാതെയും വെറുതേ പുറത്തേക്ക് തുപ്പുന്നവർ ജാഗ്രതൈ….! എം വി ഡി നിങ്ങളെ പൊക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. വേറൊരു കൂട്ടർ ചോക്ലേറ്റിൻ്റെ റാപ്പർ, ഓറഞ്ചിൻ്റെ തോൽ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ഒരു മടിയോ ശ്രദ്ധയോ കൂടാതെ ഓടുന്ന വണ്ടിയിൽ നിന്ന് പുറത്തേക്കെറിയും. പിന്നാലെ വരുന്നവർ, പ്രത്യേകിച്ച് ഇരുചക്ര വാഹനത്തിൽ വരുന്നവരുടെ ജീവിതം ഇതേറ്റു വാങ്ങാൻ പിന്നെയും ബാക്കി എന്ന മട്ടിൽ.
ഓർക്കുക, ഓടുന്ന വാഹനത്തിലിരുന്ന് അലക്ഷ്യമായി, ആരെയും കൂസാതെ ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ എം വി ഡി പിടികൂടി നിയമ നടപടികൾ സ്വീകരിക്കും എന്ന് അറിയിപ്പ് വന്നിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിൻ്റെ കുറിപ്പ് ഒന്ന് ശ്രദ്ധയോടെ വായിക്കുക. ദേ, തൊട്ടുതാഴെയുണ്ട്.
നിരത്തിനെ കോളാമ്പിയാക്കുന്നവര്‍……..
പാന്‍ മസാല ചവച്ച് ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും, ബബിള്‍ഗം ചവച്ച് തുപ്പുന്നവരും ഷട്ടര്‍ പൊക്കി റോഡിലേക്ക് ഛര്‍ദ്ദില്‍ അഭിഷേകം നടത്തുന്നവരും സ്വന്തം ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും സംസ്‌കാരസമ്പന്നരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇടയിലും സര്‍വ്വസാധാരണമാണ്.
പാന്‍മസാലയും പുകയിലയും മറ്റും ചവച്ചു തുപ്പുന്നവരില്‍ മലയാളികളെക്കാള്‍ കൂടുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആണെന്ന് പറയാമെങ്കിലും മറ്റുകാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല. പലപ്പോഴും ലോറിയോ ബസോ പോലെ ഉയരം കൂടിയ വാഹനങ്ങളില്‍ ഇരുന്ന് ഇങ്ങനെ പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങള്‍ മുഖത്ത് തന്നെ പതിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസ്സഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ നിരത്തില്‍ നിത്യ കാഴ്ചകളാണ്. കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 46 പ്രകാരം ഇത് കുറ്റകരമായ പ്രവൃത്തിയാണ്.
പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവൃത്തികള്‍ കഠിനമായ ശിക്ഷ നടപടികള്‍ ഏറ്റുവാങ്ങുന്ന ഒന്നാണ്.
മറ്റുള്ളവരുടെ മുകളിലേക്ക് മാലിന്യം വര്‍ഷിച്ച് തിരിഞ്ഞു നോക്കാതെ പോകുന്നവരും കുട്ടികളെക്കൊണ്ടുപോലും മാലിന്യം വലിച്ചെറിയിക്കുന്നതും സംസ്‌കാര സമ്പന്നരായ ജനതയ്ക്ക് ചേര്‍ന്നതല്ല എന്ന് ബോധവും തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്.
സംസ്‌കാര പൂര്‍ണ്ണമാകട്ടെ നമ്മുടെ നിരത്തുകള്‍….