സ്‌റ്റേഷനിൽ തമ്മിലടിച്ച രണ്ട് പൊലിസുകാർക്ക് കൈയോടെ സസ്പെൻഷൻ. കോട്ടയം ജില്ലയിലെ ചിങ്ങവനം പൊലിസ് സ്‌റ്റേഷനിലെ സി പി ഒ മാരായ സുധീഷ്, ബോസ്കോ എന്നിവർക്കാണ് പണി കിട്ടിയത്. കോട്ടയം ജില്ലാ പൊലിസ് മേധാവിയാണ് നടപടിയെടുത്തത്.
ഇരുചക്ര വാഹനം സ്‌റ്റേഷനിൽ പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കേറ്റമാണ് ഒടുവിൽ അടിപിടിയിൽ കലാശിച്ചത്. കയ്യേറ്റത്തിൽ ബോസ്കോയുടെ തലയ്ക്കു പരിക്കു പറ്റുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോസ്കോ ചികിത്സയിൽ തുടരുകയാണ്. സ്‌റ്റേഷനിൽ സ്ഥിരമായി ഇവർ ഇരുചക്രവാഹനം പാർക്കു ചെയ്യുന്നിടത്ത് മറ്റൊരു പൊലിസ് ഉദ്യോഗസ്ഥൻ വണ്ടി പാർക്കു ചെയ്തു. ഇതു സംബന്ധിച്ച് ചർച്ച നടത്തിയ ഇരുവരും തമ്മിൽ സ്‌റ്റേഷനകത്തുവച്ച് തർക്കമായി.
പുറത്തിറങ്ങിയ ഉടൻ സുധീഷ് ബോസ്കോയെ കടന്നു പിടിച്ച് മർദിക്കാൻ തുടങ്ങി. അടി പിടിക്കൊടുവിൽ സുധീഷ് ബോസ്കോയുടെ തലപിടിച്ച് ജനൽ പടിയിൽ ഇടിക്കുകയായിരുന്നു. തലപൊട്ടി ചോരയൊലിപ്പിച്ചു കൊണ്ട് ബോസ്കോ സ്‌റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു. പിന്നാലെ എത്തിയ മറ്റ് പൊലിസ് ഉദ്യോഗസ്ഥരാണ് ബോസ്കോയെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ കോട്ടയം എസ് പി കെ കാർത്തിക് ചങ്ങനാശേരി ഡി വൈ എസ് പിയെ ചുമതലപ്പെടുത്തിയതായാണ് വിവരം