തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. പല വീടുകളുടേയും ജനൽ ചില്ലുകൾ ഇളകി വീണു. പാത്രങ്ങളും മറ്റു ഗൃഹോപകരണങ്ങളും നിലത്തു വീണതായും വിവരമുണ്ട്. രാവിലെ 8.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
തൃശൂർ ജില്ലയിലെ കുന്നംകുളത്തും പാലക്കാട് ജില്ലയിലെ തിരുമറ്റക്കോട് ഭാഗങ്ങളിലുമാണ് ഭൂചലനം ഉണ്ടായത്. സെക്കൻഡുകൾ മാത്രമേ ഭൂചലനം അനുഭവപ്പെട്ടുള്ളു. തൃശൂർ ജില്ലയിലെ കുന്നംകുളം കൂടാതെ വേലൂർ, മുണ്ടൂർ എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ തിരുമറ്റക്കോട് കൂടാതെ ചാഴിയാട്ടിരിയിലും ഭൂചലനമുണ്ടായതായി പിന്നാലെ റിപ്പോർട്ടുണ്ട്. മറ്റു നാശനഷ്ടങ്ങളോ ആളുകൾക്ക് പരിക്കുകളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.