കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയുമ്പോൾ

At Malayalam
2 Min Read

തിരുവനന്തപുരം; കേന്ദ്രമന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ജോർജ് കുര്യനെ മലയാളികൾക്ക് അത്ര പരിചയമുണ്ടാകില്ല. ചാനൽ ചർച്ചകളിൽ ബി ജെ പി യുടെ വക്താവായി കണ്ട പരിചയമായിരിക്കും പലർക്കും ജോർജ് കുര്യനെ. ജനസംഘത്തിൻ്റെ നേതാക്കൻമാരായിരുന്ന ചിലർ ജനതാ പാർട്ടി ഉപേക്ഷിച്ച് ബി ജെ പി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനിക്കുന്ന കാലം. കോട്ടയം ജില്ലയിലെ കാണക്കാരിക്കാരനായ ജോർജ് എന്ന ജോർജ് കുര്യന് 19 വയസാണ് അന്ന് പ്രായം. 44 കൊല്ലങ്ങൾക്കു മുമ്പുള്ള കോട്ടയവും കേരളവുമാണ് അന്നത്തേത് എന്നു കൂടി ഓർക്കണം.

വിദ്യാർഥിയായിരുന്ന ജോർജ് കുര്യൻ നേരേ ബി ജെ പി യിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നു. സ്വതവേ ഒരു ഹൈന്ദവ പാർട്ടി എന്നു പേരുള്ള ബി ജെ പി യിൽ, കോട്ടയത്തുള്ള സത്യ ക്രിസ്ത്യാനിയായ ഒരു ചെറുപ്പക്കാരൻ പ്രവർത്തിക്കുക എന്നത് പലരിലും മുറു മുറുപ്പുണ്ടാക്കിയിരുന്നു. പക്ഷേ ജോർജിന് അതൊന്നും വിഷയമായിരുന്നില്ല. 1980 ൽ വിദ്യാർഥി മോർച്ചയിൽ തുടക്കം. മാന്നാനത്തെ കെ ഇ കോളജ്, പാലാ സെൻ്റ് തോമസ് കോളജ് എന്നിങ്ങനെ വിദ്യാഭ്യാസം. മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ തോട്സിലും പഠനത്തോടൊപ്പം സംഘടനാ പ്രവർത്തനം തുടർന്നു.

ബി ജെ പി യിലെ ന്യൂനപക്ഷ മുഖം, സൗമ്യതയും പ്രസന്നതയും കൈവിടാത്ത നേതാവ്, 44 കൊല്ലത്തെ സംഘടനാ മികവ് എന്നതൊക്കെ ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനത്താണ് ജോർജിനെ എത്തിച്ചിരിക്കുന്നത്. ബി ജെ പി യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് നിലവിൽ അദ്ദേഹം. ദേശീയ ന്യൂനപക്ഷ കമ്മിഷൻ്റെ വൈസ് ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പാർട്ടിയിൽ നിരവധി സ്ഥാനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിൻ്റെ കൂടി പ്രതിഫലനമാണ് ഇപ്പോഴത്തെ ഈ സ്ഥാനം.

ഹിന്ദി ഭാഷയിൽ ബിരുദാനന്തര ബിരുദമുള്ള ജോർജ് കുര്യന് പുതിയ സ്ഥാന ലബ്ധിയിൽ അതും മുതൽകൂട്ടാകും. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിലെത്തുമ്പോൾ പരിഭാഷകനായി ജോർജ് കുര്യൻ എത്തുന്നത് അദ്ദേഹത്തിന് ഹിന്ദിയിലുള്ള പരിജ്ഞാനത്തിൻ്റെ കൂടി പിൻബലത്തിലാണ്. നഴ്സിംഗ് ഓഫീസറായി സൈന്യത്തിൽ സേവനമനുഷ്ടിച്ചിരുന്ന അന്നമ്മയാണ് അദ്ദേഹത്തിൻ്റെ ഭാര്യ. ആകർശ്, ആകാശ് എന്നിങ്ങനെ രണ്ടു മക്കളുമുണ്ട് ജോർജ് കുര്യന്.

- Advertisement -
Share This Article
Leave a comment