തിരുവനന്തപുരം; കെ എസ് ആർ ടി സി യുടെ കൊറിയർ ആൻ്റ് ലോജിസ്റ്റിക്സ് ബമ്പർ ഹിറ്റായന്ന് കണക്കുകൾ. ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും 3.82 കോടി രൂപ വരുമാനം നേടിയതായാണ് വിവരം. ഇതിനോടകം ഏകദേശം ഒരു കോടിയോളം രൂപ ലാഭമുണ്ടാക്കിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂൺ 15 ന് ആരംഭിച്ച കൊറിയർ സേവനം ആദ്യ മാസങ്ങളിൽ ഏകദേശം 1,95,000 രൂപയായിരുന്നു വരുമാനമുണ്ടാക്കിയിരുന്നത്. നിലവിൽ വരുമാനം പ്രതിദിനം 45 ലക്ഷം രൂപ പിന്നിട്ടതായി കണക്കുകൾ കാണിക്കുന്നു. സംസ്ഥാനത്തെ 45 ഡിപ്പോകൾ, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നാഗർകോവിൽ നഗരങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് തുടങ്ങിയത്.
കേരളത്തിനുള്ളിൽ എവിടെയും 16 മണിക്കൂറിനുള്ളിൽ കൊറിയർ ഡെലിവറി എന്നതാണ് കെ എസ് ആർ ടി സി യുടെ സവിശേഷത. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം കൊറിയറുകളാണ് ഗുണഭോക്താക്കൾക്ക് കെ എസ് ആർ ടി സി എത്തിച്ചു നൽകിയത്.
കൊറിയർ സംബന്ധമായി എന്തെങ്കിലും പരാതികളുണ്ടായാൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൻ്റെ സേവനവുമുണ്ട്. ഡോർ ടു ഡോർ സേവനത്തിനായി ഗ്രാമ പ്രദേശങ്ങളിലുൾപ്പെടെ പുതിയ ഫ്രാഞ്ചൈസികൾ തുടങ്ങാനും പദ്ധതിയുണ്ട്. വീടുകളിൽ നിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങുന്ന സംവിധാനവും വൈകാതെ നിലവിൽ വരും.
ഗുണഭോക്താക്കളുടെ വർധനവ് പരിഗണിച്ച് തിരുവനന്തപുരം – കാസർഗോഡ് വാൻ സർവീസ് നടത്താനും കെ എസ് ആർ ടി സി ക്കു പദ്ധതിയുണ്ട്. മറ്റു സ്വകാര്യ കൊറിയർ സർവീസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സർവീസ് ചാർജിൽ മുപ്പത് ശതമാനത്തോളം കുറവുമുണ്ട്. ഒരു കിലോഗ്രാം മുതൽ 120 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ അയക്കാനുള്ള സംവിധാനമുണ്ട്. ഡിപ്പോകളിലുള്ള കൗണ്ടറുകളിൽ തന്നെ സാധനം ഏൽപ്പിച്ച് പണം അടച്ചാൽ മതിയാകും.