ദുബായ് ദേരയിൽ വച്ച് ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം മരിച്ചു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശി ഷഫീഖ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 37 വയസായിരുന്നു ഷഫീഖിൻ്റെ പ്രായം.
10 വർഷത്തിലധികമായി ദേരയിലുള്ള ഒരു കാർ വാഷിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഷഫീഖ്. ജോലിയുടെ ഇടവേളയിൽ ഭക്ഷണം കഴിക്കാനായി തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് റോഡിൻ്റെ വശത്തു കൂടി നടന്നു പോവുകയായിരുന്ന ഷഫീഖിനെ പിന്നിൽ നിന്നു വന്ന ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ചു വീണ ഷെഫീഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനേ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.