ഓർമയിലെ ഇന്ന്, ജൂൺ – 3,എം കരുണാനിധി

At Malayalam
2 Min Read



തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവും എഴുത്തുകാരനുമായിരുന്ന മുത്തുവേൽ കരുണാനിധി. 1924 ജൂൺ 3 ന് നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലന്റെയും അഞ്‌ജുകം അമ്മിയാരുടെയും മകനായി ജനിച്ചു.

ജസ്‌റ്റിസ്‌ പാർടി നേതാവായിരുന്ന അഴഗിരി സാമിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായി 14-ാം വയസിലാണ്‌ പൊതുപ്രവർത്തന രംഗത്തേക്ക്‌ ചുവടു വച്ചത്. ഗ്രാമീണ യുവാക്കളെ ചേർത്ത്‌ സംഘടന രൂപീകരിച്ച്‌ അതിന്റെ പ്രചരണാർഥം ‘മനവർ നേശൻ’ എന്ന കൈയെഴുത്ത്‌ മാസിക ആരംഭിച്ചു. 18-ാം വയസ്സിൽ ‘തമിഴ്‌നാട്‌ തമിൾ മാനവർ മൻഡ്രം’ വിദ്യാർഥി സംഘടന രൂപീകരിച്ചു. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പേരിൽ ആദ്യമായി തുടങ്ങിയ വിദ്യാർഥി സംഘടനയായിരുന്നു അത്‌. 1942ൽ മുരശൊലി പത്രം തുടങ്ങി. ഡി എം കെയുടെ മുഖപത്രമായി അത്‌ വളർന്നു. തമിഴ്‌നാട്ടിലാകെ അലയടിച്ച ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ അണിനിരന്ന്‌ പൊതുരംഗത്ത്‌ കൂടുതൽ സജീവമായി. 1953ൽ കല്ലെക്കുടിയിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലൂടെ രാഷ്‌ട്രീയ രംഗത്ത്‌ സജീവമായി. പ്രക്ഷോഭത്തിൽ രണ്ട്‌ പേർ മരിക്കുകയും കരുണാനിധിയെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു.

1957ൽ കുളിത്തലൈ മണ്ഡലത്തിൽ നിന്നാണ്‌ ആദ്യമായി നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഡി എം കെ സ്ഥാപകൻ സി എൻ അണ്ണാദുരെയുടെ മരണത്തെ തുടർന്ന്‌ ഡി എം കെ പ്രസിഡന്റായി നിയമിതനായി. 1969ൽ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ കരുണാനിധി പിന്നീട്‌ 71, 89, 96, 2006 വർഷങ്ങളിലും മുഖ്യമന്ത്രിയായി. പ്രതിപക്ഷ ഉപനേതാവ്‌, പ്രതിപക്ഷ നേതാവ്‌ എന്നീ നിലകളിലും ശ്രദ്ധേയമായ പ്രകടനം അദ്ദേഹം കാഴ്‌ചവച്ചു. രാഷ്‌ട്രീയത്തിനു പുറമെ സിനിമാ മേഖലയിലും സാഹിത്യ മേഖലയിലും നിറ സാനിധ്യമായിരുന്നു.

- Advertisement -

വിദ്യാർഥിയായിരിക്കെ നാടകരംഗത്ത്‌ സജീവമായ അദ്ദേഹം 20 വയസ്‌ തികയും മുമ്പേ ആദ്യ സിനിമയ്‌ക്ക്‌ തിരക്കഥയൊരുക്കി. 1947ൽ പുറത്തിറങ്ങിയ രാജകുമാരിയാണ്‌ കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. എം ജി ആറായിരുന്നു നായകൻ. എം ജി ആർ എന്ന നടന്റെ വളർച്ച തുടങ്ങിതും രാജകുമാരിയിലൂടെയായിരുന്നു. എം ജി ആറിന്‌ സൂപ്പർതാര പദവി നേടിക്കൊടുത്ത മലൈക്കള്ളന്റെ തിരക്കഥയും കരുണാനിധിയുടേതായിരുന്നു. ശിവാജി ഗണേശനെയും താരമാക്കി വളർത്തിയതിൽ കരുണാനിധിയ്‌ക്ക്‌ നിർണ്ണായക പങ്ക്‌ വഹിക്കാനായി.

തമിഴ്‌സാഹിത്യത്തിനും അദ്ദേഹം ശ്രദ്ധേയ സംഭാവന നൽകി. കവിത, പത്ര പംക്തി, തിരക്കഥ, നോവൽ, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല. ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം കൃതികൾ രചിച്ചു. മൂന്നു ഭാര്യമാരിലായി ആറ്‌ മക്കളുണ്ട്‌. 2018 ആഗസ്റ്റ് 7-ന് അദ്ദേഹം അന്തരിച്ചു.

Share This Article
Leave a comment