വേനലവധി അവസാനിച്ചു. സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ സജീവമാകും. എല്ലാം സെറ്റ് എന്ന പേരിൽ ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വലിയ പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടത്തിയത്. എറണാകുളം ജില്ലയിലെ എളമക്കര സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിലാണ് സംസ്ഥാന തല ഉദ്ഘാടനം നടക്കുക. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
സർക്കാർ സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങളിൽ പ്രകടമായി ഉണ്ടായ മാറ്റം പൊതുവേ പൊതുവിദ്യാഭ്യാസ മേഖലക്ക് ഗുണകരമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. മാത്രമല്ല കുട്ടികളുടെ കൊഴിഞ്ഞു പോക്ക് കുറഞ്ഞു, പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിലെ വർധനവൊക്കെ ഈ വർഷവും പ്രകടമാകും എന്നാണ് പ്രതീക്ഷ.
പുതിയ അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ കുട്ടികൾക്ക് ആശംസകളുമായി മലയാളത്തിൻ്റെ പ്രിയപ്പെട്ട കലാപ്രതിഭകളും പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം ചേർന്നിട്ടുണ്ട്. മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ, പ്രിയ ഗായിക കെ എസ് ചിത്ര, പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് എന്നിവർ പുതുതായി സ്കൂളുകളിലെത്തുന്ന കുരുന്നുകൾക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ഇവർ കുട്ടികളോട് സംവദിക്കുന്നത് നോക്കാം.


മോഹൻലാൽ
പ്രിയപ്പെട്ട കുട്ടികളേ, സന്തോഷപൂർവമായ പുതിയൊരു അധ്യയന വർഷം ആരംഭിക്കുകയാണ്. അറിവിന്റെയും ആഹ്ലാദത്തിന്റേയും ലോകത്തേക്ക് കടന്നു വരുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ആശംസകൾ. അറിവ് വെളിച്ചമാണ്. കുട്ടിക്കാലത്ത് എല്ലാവർക്കും ഇരുട്ടിനെ ഭയമായിരിക്കും. അതിന് കാരണം ഇരുട്ട് അജ്ഞാനമാണ്. അജ്ഞാനത്തിൽ അറിവ് നേടുമ്പോൾ നമ്മുടെ മനസിലും പ്രകാശം നിറയും. അതോടെ ഭയമെല്ലാം നമ്മുടെ മനസിൽ നിന്ന് അകലുകയായി.
എനിക്ക് ഭാവിയിലേക്കുള്ള അടിത്തറ പാകിയത് എന്റെ സ്കൂൾ തന്നെയാണ്. നമ്മുടെയെല്ലാം ജീവിതത്തിൽ ഏറ്റവും മനോഹരമായതും നിറപ്പകിട്ടാർന്നതും രസകരവുമായ കാലഘട്ടം സ്കൂൾ കാലഘട്ടം തന്നെയാണ്. ഈ സമയത്ത് നന്നായി പഠിച്ചും കളിച്ചും സന്തോഷിച്ചും കൂട്ടുകൂടി ഉല്ലസിച്ചും പരസ്പരം സ്നേഹിച്ചും സഹായിച്ചും നല്ല മനുഷ്യരായി ഉത്തമ പൗരൻമാരായി വളർന്നു വരാൻ ഏവർക്കും കഴിയട്ടെ, ഒരിക്കൽ കൂടി സ്നേഹാശംസകളോടെ നിങ്ങളുടെ ലാലേട്ടൻ”.


കെ എസ് ചിത്ര
എത്രയും പ്രിയപ്പെട്ട എന്റെ കുഞ്ഞു മക്കളേ, പുതിയ കുപ്പായമൊക്കെയിട്ട് ബാഗുമൊക്കെ പിടിച്ച് സന്തോഷത്തോടെ സ്കൂളിലെത്തിയിരിക്കുകയാണ് എല്ലാവരുമല്ലേ. എല്ലാവരും മിടുക്കരായി പഠിക്കണം.
ഒപ്പം പാട്ടു പാടുകയും ചിത്രം വരയ്ക്കുകയും ഡാൻസ് കളിക്കുകയുമൊക്കെ വേണം. വിദ്യാഭ്യാസ വകുപ്പ് നിങ്ങൾക്ക് എല്ലാ സൗകര്യവുമൊരുക്കുന്നുണ്ട്. കൊച്ചുമക്കൾക്ക് എല്ലാവർക്കും എന്റെ എല്ലാ ആശംസകളും. നന്നായി വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ.


ജാസി ഗിഫ്റ്റ്
ഹായ് കൂട്ടുകാരേ, നമസ്കാരം എല്ലാം സെറ്റ്. നമ്മുടെ സ്കൂൾ റെഡിയായി കഴിഞ്ഞു, പഠിക്കേണ്ട പുസ്തകങ്ങൾ റെഡിയായിക്കഴിഞ്ഞു. പഠിപ്പിക്കേണ്ട അധ്യാപകർ പരിശീലനമൊക്കെ കഴിഞ്ഞ് അവരും തയ്യാർ. പാഠപുസ്തകങ്ങൾ പഠിക്കുന്ന സമയത്ത് തന്നെ പഠനത്തോടൊപ്പം കലകളിലേക്കും ഇറങ്ങി ചെല്ലുക.
കലകൾ ആസ്വദിക്കാൻ പഠിക്കുക. അതിനെ പഠനത്തിന്റെ തന്നെ ഭാഗമാക്കാൻ മാക്സിമം ശ്രമിക്കണം. കലാപ്രവർത്തനങ്ങൾ മൂലം നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം അത് നമ്മളെ യൂണിവേഴ്സലുമായി അടുപ്പിക്കും. നമ്മളെ സ്നേഹിക്കാനും മനുഷ്യത്വപരമായി ചിന്തിക്കാനും കല നമ്മളെ ഒത്തിരി സഹായിക്കും. എനിക്ക് പറയാനുള്ളത് സംഗീതവും പഠനവുമെല്ലാം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ മാക്സിമം ശ്രമം നിങ്ങൾ നടത്തണമെന്നാണ്.