അറുപതുകളിലെയും എഴുപതുകളിലെയും രാഷ്ട്രീയ, സാംസ്കാരിക പ്രസ്ഥാനങ്ങളിലൂടെ ശ്രദ്ധേയനായ മലയാള ചലച്ചിത്ര സംവിധായകനും സംഗീതജ്ഞനുമായിരുന്ന പവിത്രൻ. അടൂർ ഗോപാലകൃഷ്ണൻ, ജി അരവിന്ദൻ, പി എ ബക്കർ, ടി വി ചന്ദ്രൻ, കെ ആർ മോഹനൻ എന്നിവരോടൊപ്പം മലയാളത്തിലെ സമാന്തര സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ച പവിത്രൻ, അടൂരിന്റെയും അരവിന്ദന്റെയും സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ ശൈലിയാണ് സ്വീകരിച്ചത്. വ്യത്യസ്ത പ്രമേയങ്ങളിലൂടെ ചിത്രീകരിച്ച യാരോ ഒരാൾ, ഉപ്പ്, ഉത്തരം, കള്ളിന്റെ കഥ, ബലി ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധനേടി. 1950 ജൂൺ 1ന് ഗുരുവായൂരിനടുത്തുള്ള കണ്ടാണിശ്ശേരിയിൽ വട്ടംപറമ്പിൽ കൃഷ്‌ണന്റെ മകനായി പവിത്രൻ ജനിച്ചു.
ബിരുദപഠനത്തിനു ശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടിയെടുക്കാൻ പവിത്രൻ രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ പരാജയം അദ്ദേഹത്തെ പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനടുത്തുള്ള ഒരു ലോ കോളേജിൽ ചേരാൻ പ്രേരിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി സൗഹൃദം സ്ഥാപിക്കാനും സിനിമയെ അടുത്തറിയാനും ഈ അവസരം ഉപയോഗിച്ചു. നിയമ പഠനത്തിനു പകരം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ലോക ക്ലാസിക്കുകൾ കാണാനും സിനിമകൾ എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്നും പഠിച്ചു. 1975 ൽ അടിയന്തരാവസ്ഥ കാലത്ത് പി എ ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം നിർമിച്ചു. വടക്കൻ കേരളത്തിലെ നക്‌സലൈറ്റ് ചെറുത്തുനിൽപ്പ് ചിത്രീകരിച്ച കബനി നദി ചുവന്നപ്പോൾ 1970-കളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. തുടർന്ന് ആദ്യമായി 1978 ൽ യാരോ ഒരാൾ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ അരവിന്ദനായിരുന്നു. 1980 ൽ ടി വി ചന്ദ്രന്റെ കൃഷ്ണന്‍കുട്ടി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചു. തുടർന്ന് 1986 ൽ ഉപ്പ് എന്ന ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. ഈ ചിത്രം ആ വർഷത്തെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. തുടർന്ന് 1989-ൽ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി മമ്മൂട്ടിയെ നായകനാക്കി ഉത്തരം സംവിധാനം ചെയ്തു. ഒരു കവിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിനായി നായകൻ നടത്തുന്ന അന്വേഷണ യാത്രയെക്കുറിച്ചാണ് ചിത്രം. വാണിജ്യപരവും നിരൂപകപരവുമായി വലിയ വിജയമായി മാറി ഉത്തരം. കൾട്ട് സ്റ്റാറ്റസ് നേടിയ ഇത് ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
1990 ൽ കള്ളിന്റെകഥ,1991 ൽ ബലി, 2000 ൽ കുട്ടപ്പന്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തു. 1989 ൽ പി ആർ എസ്സ് ബാബു സംവിധാനം ചെയ്ത അനഘ 2006 ൽ ശ്രീ വല്ലഭൻ സംവിധാനം ചെയ്ത ശ്യാമം എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയുമുണ്ടായി. 2006 ഫെബ്രുവരി 26-ന് അന്തരിച്ചു. പ്രശസ്ത മോഹിനിയാട്ട നർത്തകി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയാണ് ഭാര്യ. കൃത്യം, ദി ക്യാമ്പസ്, ഓണ്‍ ദ റോക്‌സ്, ലോനപ്പന്റെ മാമോദീസ, കെട്ടിയോളാണെന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെ നായികയായ ഈവ പവിത്രന്‍, ലക്ഷ്മി എന്നിവര്‍ മക്കളാണ്.