മഹാമാരിയുടെ കാലത്തെ വെല്ലുവിളികൾക്കുശേഷം സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല അസാധാരണമായ തിരിച്ചുവരവ് നടത്തിയതായി വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . കണക്കുകള്‍ പ്രകാരം കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
കോവിഡിന് മുമ്പുള്ള കണക്കുകളെ മറികടന്ന് 2023-ൽ, 2.25 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 നെ അപേക്ഷിച്ച് 2022ൽ, സന്ദര്‍ശകരുടെ വരവില്‍ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2022 നെ അപേക്ഷിച്ച് 17% വർദ്ധനവോടെ 2023 ട്രെൻഡ് തുടർന്നു. ഈ കണക്കുകൾ കേരളത്തിൻ്റെ അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം വ്യവസായത്തിൻ്റെ യഥാർത്ഥ കഥ പറയുന്നതായും അദ്ദേഹം പറഞ്ഞു. 2021 ലെ സഞ്ചാരികളുടെ എണ്ണത്തിനേക്കാൾ 2022 ൽ 152 ശതമാനം വർദ്ധനവുണ്ടായി.
ആഭ്യന്തര – രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കുന്നതിന് കേരള ടൂറിസം നടത്തിയ ക്യാംപയിനുകൾ കൂടുതൽ പേരെ സംസ്ഥാനത്തേക്ക് ആകർഷിച്ചിട്ടുണ്ട്. ചെലവ് കുറഞ്ഞ രീതിയിൽ സുരക്ഷിതമായ വിനോദസഞ്ചാരം സാധ്യമാകുമെന്ന പ്രചാരണമാണ് ഗുണം കണ്ടത്. കോവിഡിന് ശേഷം ടൂറിസം രംഗത്ത് സർക്കാർ നടത്തിയ ഗുണപരമായ ഇടപെടലുകളും കൂടുതൽ സഞ്ചാരികളെ ആകർഷിച്ചു. ഉത്തരേന്ത്യയിൽ അത്യുഷ്ണം തുടരുന്ന സാഹചര്യത്തിൽ മൺസൂൺ കാലത്ത് കേരളത്തിൽ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.