അതി കഠിനമായ ചൂട് ഉത്തരേന്ത്യയിൽ ഇതുവരെ 54 പേരുടെ ജീവനെടുത്തു. ശരാശരി 50 ഡിഗ്രിക്കടുത്താണ് ഇവിടത്തെ താപനിലയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ബിഹാറിൽ 32 പേരും ഒഡിഷയിൽ 12 പേരും കഠിനമായ ചൂട് അതി ജീവിക്കാനാകാതെ മരണത്തിനു കീഴടങ്ങി.
ഡൽഹി, ഉത്തർ പ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ പകലും രാത്രിയും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. അതിരൂക്ഷമായ കുടിവെള്ള ക്ഷാമവും ഈ സംസ്ഥാനങ്ങളെ വരിഞ്ഞു മുറുക്കുകയാണ്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ദിവസം 79 കൊല്ലത്തിനുള്ളിലെ റെക്കോഡ് ചൂട് രേഖപ്പെടുത്തിയായും റിപ്പോർട്ടുണ്ട്. കൂടാതെ ഉത്തർ പ്രദേശ്, രാജസ്ഥാൻ, ചണ്ഡീഗഢ് , ബിഹാർ എന്നിവിടങ്ങളിലും ചൂട് സർവകാല റെക്കോർഡിലാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്കു കൂട്ടൽ അനുസരിച്ച് ഇന്നു മുതൽ ചൂട് കുറഞ്ഞു തുടങ്ങും. ഉഷ്ണതരംഗം അവസാനിച്ച് വേനൽ മഴ ഉറ്റു നോക്കിയിരിപ്പാണ് ഈ സംസ്ഥാനങ്ങളിലെ കർഷകരും.