ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മണ്ണിടിഞ്ഞു വീണു. തൊടുപുഴ – പുളിയൻ മല സംസ്ഥാന പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ പാതയിൽ പൂർണമായും ഗതാഗതം നിരോധിച്ചു. കൂടാതെ ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് കളക്ടർ ഉത്തരവുമിറക്കി. മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടായിരുന്നു.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മിന്നലോടും കൂടിയ മഴയും വേഗമേറിയ കാറ്റു വീശാനും സാധ്യതയുണ്ട്. കൂടാതെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടും വാഹനങ്ങളിൽ കാഴ്ചമങ്ങൽ അനുഭവപ്പെടുകയും ചെയ്യും. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകിയിരിയ്ക്കുകയാണ്. കേരളത്തിൽ ചക്രവാത ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പുണ്ട്. ഒരാഴ്ചയെങ്കിലും ശക്തമായ മഴ ചെയ്യുമെന്നാണ് ഇതു നൽകുന്ന സൂചന.