ഓർമയിലെ ഇന്ന്, മെയ് 31, ജോൺ എബ്രഹാം

At Malayalam
4 Min Read

ജനകീയ സിനിമയുടെ പിതാവ് എന്ന് ചലച്ചിത്ര – മാധ്യമ ലോകം വിശേഷിപ്പിച്ച ചലച്ചിത്ര സംവിധായന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ജോൺ എബ്രഹം.

സാധാരണക്കാരന്റെ സിനിമയാണ് തൻ്റെ സ്വപ്നമെന്നും ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ നിർമ്മിക്കാനാകുമെന്നും തെളിയിച്ച, ഒരേ സമയം സിനിമ തന്റെ ഏറ്റവും വലിയ ദൗർബല്യവും ഏറ്റവും വലിയ ശക്തിയുമാണെന്നും വിശ്വസിച്ച സിനിമാ ലോകത്തെ ഒരു ഒറ്റയാൻ ആയിരുന്ന ജോൺ എബ്രഹാം.

ചേന്നങ്കരി വാഴക്കാട് വി റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് തൃശൂരിലെ കുന്നംകുളത്ത് ജനിച്ചു. കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് കോട്ടയം സി എം എസ് സ്‌കൂളിലും ബോസ്റ്റണ്‍ സ്‌കൂളിലും എം ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തിരുവല്ല മാര്‍ത്തോമ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ദര്‍വാസ് യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. 1962-ല്‍ കോയമ്പത്തൂരിലെ എല്‍ ഐ സി ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. എന്നാല്‍ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്നു വര്‍ഷത്തിനു ശേഷം ജോലി രാജിവെച്ച് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. സ്വര്‍ണ്ണമെഡലോടു കൂടി സംവിധാനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജോണ്‍ എബ്രഹാം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുന്‍പ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ഉസ്‌കി റൊട്ടി (1969) എന്ന സിനിമയില്‍ സഹായിയായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ ജോണ്‍ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു.

ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോണ്‍ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.

- Advertisement -

തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. 1972-ല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്നുവന്ന 1977-ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും 1986-ലെ അമ്മ അറിയാന്‍ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യന്‍ സിനിമയില്‍ അവിസ്മരണീയനാക്കി. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി. ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് അമ്മ അറിയാൻ നിർമ്മിച്ചത്.

കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശി‍പ്പിക്കുകയും ചെയ്തതോടെ ജനങ്ങളുടെ സിനിമ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെട്ടു

വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമര്‍ശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിര്‍ത്തി. ’അഗ്രഹാരത്തിലെ കഴുത’യെന്ന ചിത്രത്തിനെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധത്തോടെ രംഗത്തിറങ്ങി. അഗ്രഹാരത്തിലേക്കു ജോണ്‍ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവര്‍ണ മേധാവിത്വത്തിന് എതിരേയുള്ള വെല്ലുവിളിയോടെയായിരുന്നു. ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍’ ഫ്യൂഡല്‍ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും ജോണ്‍ വരച്ചുകാട്ടി. ചിത്രത്തില്‍ ഒരു ഭൂപ്രഭുവിനെ ജോണ്‍ തെങ്ങിന്‍മുകളിലേക്കു കയറ്റിയതും ഒട്ടേറെ അര്‍ഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു കാലഘട്ടത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ക്കാനും ചോരയിലൂടെ സ്ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്ത നക്‌സലിസത്തിന്റെ അനന്തരഫലമായിരുന്നു ‘അമ്മ അറിയാന്‍’ എന്ന ചലച്ചിത്രം. “ ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട്….” തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വിലയിരുത്തുന്നു.
കലയ്‌ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന് അതുപോലെ തന്നെ സുഹൃത്തുക്കളും ലഹരിയും ജീവശ്വാസമായിരുന്നു. 1987 മേയ് 31 ന് കോഴിക്കോട്ട് ഒരു ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് ജോൺ അന്തരിച്ചു. ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് ജോൺ അബ്രഹാം മരണപ്പെട്ടത് എന്ന് പ്രമുഖ ചികിത്സകനും അക്കാലത്ത് കോഴിക്കോട് മെഡിക്കൾ കോളേജിലെ ന്യൂറോസർജനുമായിരുന്ന ഡോ ബി ഇക്ബാൽ പറഞ്ഞിരുന്നു. ആന്തരിക രതസ്രാവം കാരണമാവാം അദ്ദേഹം മരണപ്പെട്ടത് എന്നും ഇതു ആദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജോണിനെ രക്ഷപ്പെടുത്താമായിരുന്നെന്നും ഇക്ബാൽ അഭിപ്രായപ്പെട്ടിരുന്നു.

അഗ്രഹാരത്തിൽ കഴുതൈ (തമിഴ്) സംവിധായകനുള്ള സംസ്ഥാന അവാർഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ സംവിധാനത്തിനുള്ള പ്രത്യേക അവാർഡ്, അമ്മ അറിയാൻ ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

കോയ്ന നഗർ (1967), പ്രിയ (1969), ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ് (1969), വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1971), ത്രിസന്ധ്യ (1972), അഗ്രഹാരത്തിലെ കഴുത (1978), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979), അമ്മ അറിയാൻ (1986)എന്നിവയാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ. നിരവധി ചെറുകഥകളും ജോൺ രചിച്ചിട്ടുണ്ട്. “കോട്ടയത്ത് എത്ര മത്തായിമാർ” എന്നത് പ്രശസ്തമായ ഒരു കഥയാണ്. നേർച്ചക്കോഴി (1986), ജോൺ എബ്രഹാം കഥകൾ (1993) എന്നീ പേരുകളിൽ കഥകളും പുറത്തിറങ്ങിയിട്ടുണ്ട്.

- Advertisement -

നടപ്പുവഴികളുടെ തനതുശീലങ്ങളില്‍നിന്ന് മാറി നടന്ന ജീവിതത്തെ സരളമായി കണ്ട് ഒരു അവധൂതനപ്പോലെ
നടൻ സുരാസു, കവി അയ്യപ്പൻ
എന്നിവരെപ്പോലെ ജീവിതവും പ്രതിഭയും കൊണ്ട് ദീവാളികുളിച്ച ജോൺ എബ്രഹാം. സിനിമ സംവിധാനം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് വരുന്ന നിര്‍മ്മാതാക്കളോട് “എന്റെ കഴിഞ്ഞ ചിത്രത്തിലെ നായകന്‍ ഒരു കഴുതയായിരുന്നുവല്ലോ. അടുത്ത ചിത്രത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ പട്ടിയോ കാളയോ ആയി അഭിനയിക്കേണ്ടതായി വരും” എന്നായിരുന്നു ജോണിൻ്റെ മറുപടി.

കൃത്രിമത്വമില്ലാത്ത നിബന്ധനകളോടും നിയമങ്ങളോടും അകലം പാലിച്ചു. ആരെയും പ്രീതിപ്പെടുത്താനോ ആരുടെയും കയ്യടി നേടാനോ
നിൽക്കാതെ അലഞ്ഞുതിരിഞ്ഞ ദേശാടനക്കിളിയായിരുന്നു ജോൺ എബ്രഹാം എന്ന അതുല്യ പ്രതിഭ.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment