എത്ര പറഞ്ഞാലും കേൾക്കില്ല, എങ്കിലും പറയട്ടെ !!

At Malayalam
1 Min Read

മഴ അവഗണിച്ച് ഇരു ചക്രവാഹനത്തിൽ പോവുക. മഴ നനയാതിരിക്കാൻ പിന്നിലിരിക്കുന്നവർ പതിയെ കുട നിവർത്തുക. കാറ്റിൻ്റെ ശക്തിയിൽ കുടയോടു കൂടി നിവർത്തിയ ആളും റോഡിലേക്കു തെറിച്ച് തലയടിച്ച് വീണ് മരിയ്ക്കുക. മിക്കപ്പോഴും സ്ത്രീകളാണ് ഈ ദുരന്തത്തിന് ഇരയാകുന്നത്. പത്രങ്ങളിലും വിവിധ മാധ്യമങ്ങളിലും ഇങ്ങനെ വായിക്കാനും കേൾക്കാനും കാണാനും തുടങ്ങിയിട്ട് എത്ര കാലമായിക്കാണുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നിട്ടും ഇത്തരത്തിൽ എല്ലാ മഴക്കാലത്തും, നമുക്കിടയിൽ ആരെങ്കിലുമൊക്കെ മരിയ്ക്കും. പിന്നെയും മഴ വരും , നമ്മൾ വാഹനമിറക്കും, കുട നിവർത്തും, വീഴും , മരിക്കും, വാർത്തവരും. കഷ്ടം എന്നേ പറയാനാകു.

ഇന്നലെ തിരുവനന്തപുരം കോവളത്ത് ഇതു തന്നെ ആവർത്തിച്ചിട്ടുണ്ട്. മുക്കോലയിൽ താമസിക്കുന്ന വീട്ടമ്മയാണ് മരിച്ചത്. സുശീല എന്നാണ് അവരുടെ പേര്. ഉപജീവന മാർഗം ഒരു ഹോട്ടലിലെ ജോലിയാണ്. റോഡിൽ തലയടിച്ചു വീണ് ചോരവാർന്ന് മരിച്ചു. പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.

മഴക്കാലം തുടങ്ങിയിട്ടേയുള്ളു. ഓരോ ആപത് ഘട്ടങ്ങളിലും നമ്മൾ കുറേ തീരുമാനങ്ങൾ എടുക്കും. ആ ഘട്ടം കഴിയുമ്പോൾ സൗകര്യപൂർവ്വം മറക്കുകയും ചെയ്യും ; മറന്നതായി ഭാവിക്കും. ഓർക്കുക, ‘ഋതുക്കൾ മാറി മാറി വരും. വിഷു വരും വർഷം വരും’. ജീവിതം ഒന്നേയുള്ളു.

- Advertisement -
Share This Article
Leave a comment