കേരളത്തിൽ കാലവർഷം ഇന്ന് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. അതിൻ്റെ കൂടി പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ വെള്ളക്കെട്ടിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. വീടുകളും വ്യാപാര സ്ഥാപനങ്ങളുമൊക്കെ വെള്ളം കയറിയ അവസ്ഥയിൽ തന്നെയാണ്. തൃശൂർ ജില്ലയിലും ഇന്നലെ ചെയ്ത മഴ കനത്ത നാശമുണ്ടാക്കി. അശ്വിനി ആശുപത്രിയടക്കമുള്ള സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നു. ഗതാഗതം സുഗമമാകണമെങ്കിൽ റോഡുകളിലെ വെള്ളക്കെട്ടുകൾ മാറേണ്ടതുണ്ട്. നഗരങ്ങളിലെ മിക്ക റോഡുകളിലും ഇപ്പോഴും വെള്ളക്കെട്ടുകളുണ്ട്.
തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ റിലീഫ് ക്യാമ്പുകളും തുറന്നിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും സ്കൂളുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
കേരളത്തിൻ്റെ തീരമേഖലകളിൽ ശക്തിയേറിയ പടിഞ്ഞാറൻ കാറ്റിൻ്റെ സ്വാധീനം നിലനിൽക്കുന്നതായി മുന്നറിയിപ്പുണ്ട്. ഇതിൻ്റെ ഫലമായി അടുത്ത ആഴ്ച മുഴുവൻ മിന്നൽ, കാറ്റ്, ഇടി എന്നിവയോടു കൂടിയ മഴയുണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ മൺസൂൺ കാറ്റുo ശക്തി പ്രാപിക്കുന്നുണ്ട്. ജൂൺ രണ്ടു വരെ കേരളത്തിൽ അതി ശക്തമായ മഴ പെയ്യുമെന്നു തന്നെയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പിൽ പറയുന്നത്.