ഡെൽഹിയിൽ വെള്ളം ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരും. വലിയ കുടി വെള്ളക്ഷാമം നേരിടുന്ന ഈ സമയത്ത് ജനങ്ങൾ വിഷയം ഗൗരവത്തോടെ കാണാൻ വേണ്ടി പല തരത്തിലുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. വീട്ടാവശ്യത്തിനുള്ള വെള്ളം വാണിജ്യാവശ്യങ്ങൾക്കോ മറ്റോ വഴിവിട്ട് ഉപയോഗിച്ചാൽ രണ്ടായിരം രൂപ പിഴ ഒടുക്കേണ്ടിവരും. വാട്ടർ ടാങ്ക്, അശ്രദ്ധ മൂലം നിറഞ്ഞു കവിഞ്ഞാലോ കാർ കഴുകുകയോ ചെയ്താലും ഇതേ തുക തന്നെ പിഴയായി അടയ്ക്കേണ്ടിവരും.
ജലത്തിൻ്റെ അമിത – അനാവശ്യ ഉപയോഗം കണ്ടെത്തി തടയുന്നതിനായി പ്രത്യേക പരിശീലനം സിദ്ധിച്ച 200 ടീമുകൾ രൂപീകരിയ്ക്കാനും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ ടീമംഗങ്ങൾ ഓരോ ജനവാസ മേഖലകളും സന്ദർശിച്ച് ജലം പാഴാക്കുന്നുണ്ടോ അനാവശ്യമായി വെള്ളം ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ടീമംഗങ്ങൾ തന്നെ പിഴയീടാക്കും. കൂടാതെ ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണവും ടീം നടത്തും.
ഹരിയാനയിൽ നിന്നു ലഭിയ്ക്കേണ്ടുന്ന വെള്ളം കിട്ടാത്ത സാഹചര്യത്തിലാണ് ഡെൽഹി സർക്കാർ കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്നത്.