ക്ഷേമ പെൻഷൻ വിതരണം, മെയ് മാസത്തിൽ വിരമിക്കുന്നവർക്കുള്ള ആനുകൂല്യ വിതരണം എന്നിവയ്ക്കായി 3,500 കോടി രൂപ സർക്കാർ കടമെടുക്കുന്നു. ക്ഷേമ പെൻഷൻ വിതരണം നാളെ തുടങ്ങുമെന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്. ഇതിന് 800 കോടിയ്ക്കടുത്ത് വേണ്ടി വരും.
റിസർവ് ബാങ്കിലൂടെ കടപ്പത്രം ഇറക്കി പണം കണ്ടെത്താനാണ് സർക്കാർ ശ്രമിയ്ക്കുന്നത്. ഏകദേശം 18,000 നു പുറത്ത് സർക്കാർ ജീവനക്കാരാണ് ഈ മാസം സർവീസിൽ നിന്നു വിരമിയ്ക്കുന്നത്. സ്പെഷ്യൽ സെക്രട്ടറിമാരുൾപ്പെടെ 150 ൽപ്പരം ജീവനക്കാർ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ നിന്നു തന്നെ വിരമിയ്ക്കുന്നുണ്ട്. വിരമിക്കുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകാനായി ഏകദേശം 7,500 കോടി രൂപയും ആവശ്യമുണ്ട്.
വിരമിക്കുന്ന ജീവനക്കാരിലധികവും തങ്ങളുടെ ആനുകൂല്യങ്ങൾ ട്രഷറിയിൽ നിക്ഷേപിക്കാനുള്ള സാധ്യതയുള്ളത് ഗുണകരമാകുമെന്നും സർക്കാർ കണക്കു കൂട്ടുന്നു.