തീവണ്ടി യാത്രക്കിടെ യുവതിയെ പാമ്പുകടിച്ചതായി സംശയം. സംഭവത്തെ തുടർന്ന് ആയുർവേദ ഡോക്ടറായ ഡോ. ഗായത്രി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് അവർക്ക് കടിയേറ്റത്. രാവിലെ 8.30 ഓടെ നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ വല്ലപ്പുഴ സ്റ്റേഷനിൽ എത്തിയപ്പോഴാണ് യുവതി വിവരം പുറത്തു പറഞ്ഞത്. കംപാർട്ടുമെൻ്റിൽ പാമ്പുണ്ടെന്നും മറ്റു യാത്രക്കാർ പാമ്പിനെ കണ്ടതായും പുറത്തിറങ്ങിയ യുവതി പറഞ്ഞു. ആശുപത്രിയിൽ പോകാൻ തന്നെ സഹായിക്കണമെന്നും ഡോ. ഗായത്രി സഹയാത്രികരോട് പറയുകയും ചെയ്തു.
തീവണ്ടിയിൽ കോട്ടയത്തേക്കു പോകാനാണ് യുവതി കയറിയത്. എന്നാൽ പാമ്പുകടിയേറ്റതോടെ അവർ വല്ലപ്പുഴയിൽ ഇറങ്ങി ചികിത്സ തേടുകയായിരുന്നു. ഡോക്ടറായതിനാൽ മറ്റുള്ള യാത്രക്കാരുടെ സഹായത്താൽ തുണികൊണ്ട് കാലുകെട്ടിവച്ചാണ് ആശുപത്രിയിലേക്കു പോയത്. സംഭവത്തിൽ റയിൽവേ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.