വൈദ്യുതി വിതരണം തകരാറിലായതിനെ തുടർന്ന് നിരവധി തീവണ്ടികൾ ഏറെ വൈകി. മുളന്തുരുത്തി റയിൽവേസ്റ്റേഷൻ പരിധിയിലുള്ള വൈദ്യുതി വിതരണ ലൈനിലാണ് തകരാറുണ്ടായത്. ജനശതാബ്ദി, ചെന്നൈ മെയിൽ തുടങ്ങിയ വണ്ടികളിലായി നൂറു കണക്കിനു പേർ വഴിയിൽ കുടുങ്ങി.
തിരുവനന്തപുരത്തു നിന്ന് ഉച്ചതിരിഞ്ഞു പുറപ്പെടുന്ന ജനശതാബ്ദി രണ്ടു മണിക്കൂറോളം പിറവം റോഡ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നതായി യാത്രക്കാർ പറയുന്നു. വണ്ടി യാത്ര തുടരാൻ വൈകുന്നതിൻ്റെ കാരണമെന്താണെന്ന് യാത്രക്കാരോട് റയിൽവേ പറയാത്തതിനാൽ യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു. സമീപ സ്റ്റേഷനുകളിൽ ഇറങ്ങേണ്ട യാത്രക്കാർ പിറവം റോഡ് സ്റ്റേഷനിൽ ഇറങ്ങി ബസിലും ഓട്ടോയിലുമൊക്കെയായി യാത്ര തുടർന്നു.