ഓർമയിലെ ഇന്ന്, മെയ് – 27 – ഒടുവിൽ ഉണ്ണികൃഷ്ണൻ

At Malayalam
2 Min Read

കേരളത്തിൻ്റെ നാട്ടിടവഴികളിലൂടെ ശുദ്ധഹൃദയനും ലളിത ഭാഷിയുമായ, നമുക്കോരോരുത്തർക്കും ഏറെ അടുപ്പമുള്ള നിഷ്ക്കളങ്കനായ അയൽ വാസിയായി, സഹൃദയനായ കൂട്ടുകാരനായി, കാപട്യങ്ങളില്ലാത്ത അച്ഛനായി, അമ്മാവനായി പൊതു പ്രവർത്തകനായി, പുരോഹിതനായി, വെളിച്ചപ്പാടായി മലയാളികളുടെ ഹൃദയത്തിൽ നിറഞ്ഞ ഓടുവിലാൻ.

മംഗലശേരി നീലകണ്ഠൻ്റെ സുഹൃത്തും ദരിദ്രനും ഊരുതെണ്ടിയുമായ പെരിങ്ങോട് ശങ്കര മാരാർ, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ മാഷ്, മനസ്സിനക്കരയിലെ സഖാവ് , മീശമാധവനിലെ ഹെഡ് കോൺസ്റ്റബിൾ, നിഴൽക്കുത്തിലെ വൃദ്ധൻ ഉൾപ്പെടെ പറഞ്ഞാൽ തീരാത്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ എക്കാലത്തെയും പ്രിയനടനായ ഒടുവില്‍ ഉണ്ണികൃഷ്‍ണൻ. സത്യൻ അന്തിക്കാടിന്റേയും ലോഹിതദാസിന്റേയുമൊക്കെ സിനിമകളിൽ വള്ളുവനാടൻ ഭാഷ സ്ഫുടതയോടെ സംസാരിക്കുന്ന കഥാപാത്രമായി ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം.

1944 ഫെബ്രുവരി 13-ന് തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്ണ മേനോന്റെയും പാറുക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു. ഗായകനും സംഗീതസംവിധായകനും കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ നിരവധി ആൽബങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. കെ.പി.എ.സി, കേരള കലാവേദി എന്നിവിടങ്ങളിൽ തബലിസ്റ്റായും പ്രവർത്തിച്ചു. പി എൻ മേനോൻ സംവിധാനം ചെയ്ത് 1973-ൽ റിലീസ് ചെയ്ത ദർശനം ആയിരുന്നു ആദ്യ സിനിമ.

ഗുരുവായൂർ കേശവനിലെ ആന പാപ്പാൻ, വരവേല്പിലെ നാരായണൻ, ആറാംതമ്പുരാനിലെ കൃഷ്ണ വർമ്മ, കളിക്കളത്തിലെ പലിശക്കാരൻ, പുന്നാരത്തിലെ മക്കൾ നോക്കാത്ത അധ്യാപകൻ, വധു ഡോക്ടറാണ് എന്ന പടത്തിലെ ഗൃഹനാഥൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ ഒടുവിൽ അനശ്വരമാക്കി. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ഐ വി ശശി ചിത്രത്തിലെ, പെരിങ്ങോടൻ എന്ന കഥാപാത്രം ഒടുവിൽ ഉണ്ണികൃഷ്ണൻ അനശ്വരമാക്കി. തളർന്നു പോയ മംഗലശ്ശേരി നീലകണ്ഠന്റെ കിടപ്പ് കാണാൻ വയ്യാതെ പടിപ്പുരയിൽ നിന്ന് മനസ്സ് വിങ്ങിപ്പൊട്ടിപ്പാടുന്ന അഷ്ടപദി ഒരു നൊമ്പരമായി മലയാളക്കര ഏറ്റുവാങ്ങിയിരുന്നു. മലയാളികൾ ഇന്നും ആ രംഗം മനസ്സിൽ സൂക്ഷിക്കുന്നു.

- Advertisement -

ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ വളർത്തു മകൾക്ക് ഒരുതരി സ്വർണത്തിനായി പ്രാണനെപ്പോലെ സ്‌നേഹിച്ച ഹാർമോണിയം വിൽക്കേണ്ടിവന്ന കോവിലകത്തെ തമ്പുരാന്റെ ദയനീയാവസ്ഥ തന്റെ പ്രതിഭയുടെ ഭാവരസങ്ങൾകൊണ്ട് അവതരിപ്പിച്ച് ഒടുവിൽ, മലയാളിയുടെ കണ്ണുകളെ ഈറനണിയിച്ചു. അടൂർ ഗോപാലകൃഷ്ണന്റെ, 2002-ൽ പുറത്തിറങ്ങിയ നിഴൽക്കുത്ത് എന്ന ചിത്രത്തിൽ കാളിയപ്പൻ എന്ന ആരാച്ചാർ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരവും ഒടുവിലാൻ കരസ്ഥമാക്കി.

അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1995-ലെ മികച്ച സഹനടനുള്ള പുരസ്‌കാരവും 1996-ൽ സത്യൻ അന്തിക്കാടിന്റെ തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരവുംനേടി.

2006-ൽ സത്യൻ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പമാണ് അവസാനമായി അഭിനയിച്ചത്. 2006 മേയ് 27-ന് അന്തരിച്ചു. നർമ രസത്തിലൂടെ, വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ ഒടുവിൽ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിലനിൽക്കും.

Share This Article
Leave a comment