കൊച്ചിയിൽ ഗുണ്ടയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇൻസ്പെക്ടർ അന്ധാളിച്ചു പോയി. ഗുണ്ടയുടെ തോളിൽ കയ്യിട്ട് അയാൾ നടത്തുന്ന വിരുന്നു സൽക്കാരത്തിൽ ‘ആറാടുകയാണ് ‘ ക്രൈം ബ്രാഞ്ചിലെ ഒരു ഡി വൈ എസ് പി. എസ് ഐ യെ കണ്ടതും ഡി വൈ എസ് പി ശുചിമുറിയിൽ കയറി കതകടച്ച് കുറ്റിയിട്ടു. ദോഷം പറയരുതല്ലോ ഡി വൈ എസ് പിയ്ക്കു കമ്പനി കൊടുക്കാൻ രണ്ടു കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു. ഇവർ സസ്പെൻഷനിലായി.
ഗുണ്ടാ നേതാവ് വിരുന്നൊരുക്കിയ അങ്കമാലിയിലാണ് സംഭവം. ആലപ്പുഴ ക്രൈം ബ്രാഞ്ചിലെ ഡി വൈ എസ് പിയായ എം ജി സാബുവാണ് വിരുന്നിനെത്തിയത്. കുറേ ദിവസങ്ങളായി ഗുണ്ടാ നേതാവിൻ്റെ വീട് പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വർധിച്ച സാഹചര്യത്തിൽ പലയിടങ്ങളിലും പൊലിസ് റെയ്ഡ് ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് തമ്മനം ഫൈസൽ എന്ന കുപ്രസിദ്ധ ഗുണ്ടയൊരുക്കിയ വിരുന്നുണ്ണാൻ ഡി വൈ എസ് പി നേരിട്ടെത്തി പൊലിസിനു തന്നെ തലവേദനയുണ്ടാക്കിയത്.