കെ എസ് യു പ്രവർത്തകർക്കായി തിരുവനന്തപുരം നെയ്യാർ ഡാമിൽ നടന്ന ദക്ഷിണമേഖലാ ക്യാമ്പിൽ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടി. നെയ്യാറിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ജനലുകളും ഫർണിച്ചറുകളുമൊക്കെ തല്ലിൽ തകർന്നു. നിരവധി പ്രവർത്തകർക്ക് സാരമായ പരിക്കു പറ്റിയിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് പ്രവർത്തകർ ചേരി തിരിഞ്ഞ് അടി തുടങ്ങിയത്.
ക്യാമ്പിൻ്റെ ഭാഗമായി ഡി ജെ പാർട്ടിയടക്കം സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ് ആക്രമണം തുടങ്ങിയത്. ഒരു നിയോജക മണ്ഡലം പ്രസിഡൻ്റിനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡി ജെ പാർട്ടിക്കിടെയുള്ള വാക്കു തർക്കത്തിൻ്റേയും തുടർന്നു നടന്ന സംഘട്ടനത്തിൻ്റേയും വീഡിയോ ചിലർ പകർത്തിയിരുന്നു. ഇത് ഡിലീറ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും അടിയുണ്ടായതായും പറയുന്നു.
പരിപാടി നല്ല രീതിയിൽ നടന്നു പോകുന്നതിൽ ചിലർക്കുള്ള അതൃപ്തിയാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറയുന്നത്. സംഘർഷത്തിൻ്റെ കാരണമെന്താണെന്ന് ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല. പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി