പൂജിയ്ക്കാൻ നൽകിയ നവരത്ന മോതിരം പണയം വച്ച് കാശെടുത്ത ക്ഷേത്രം മേൽശാന്തി കുടുങ്ങി. തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി വിനീഷാണ് തട്ടിപ്പിന് സസ്പെൻഷനിലായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് വിനീഷ് മേൽശാന്തിയായി ജോലി ചെയ്തിരുന്നത്.
പ്രവാസിയായ പറവൂർ സ്വദേശിയും കുടുംബവുമാണ് രണ്ടു ലക്ഷം രൂപയോളം വിലവരുന്ന നവരത്ന മോതിരം പൂജിക്കാൻ വിനീഷിനെ ഏൽപ്പിച്ചത്. 21 ദിവസത്തെ പൂജകൾ ചെയ്താൽ കൂടുതൽ മികച്ച ഫലം ലഭിയ്ക്കുമെന്ന് വിനീഷ് കുടുംബത്തെ വിശ്വസിപ്പിച്ചു. പൂജാദി കർമങ്ങൾ പൂർത്തിയാക്കി പട്ടുതുണിയിൽ പൊതിഞ്ഞ് പൂവും ചന്ദനവും മാത്രം നൽകി. മോതിരത്തെപ്പറ്റി അന്വേഷിച്ചപ്പോൾ അത് കൈമോശം വന്നുവെന്ന് വിനീഷ് മറുപടി നൽകി.
ഉടമ ദേവസ്വം കമ്മിഷണർക്ക് പരാതി നൽകി. വിനീഷിനോട് വിശദീകരണം ചോദിച്ചപ്പോൾ മോതിരം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് പണമെടുത്തതായി മറുപടി നൽകി. കുറച്ചു ദിവസങ്ങൾക്കു ശേഷം മോതിരം തിരികെ എടുത്ത് നൽകുകയും ചെയ്തു. ക്ഷേത്രാചാരമനുസരിച്ച് രസീത് എഴുതിയല്ല കുടുംബം മോതിരം നൽകിയതെന്നും മേൽശാന്തിയുമായി നേരിട്ടാണ് ഇടപാടെന്നും ദേവസ്വം ജീവനക്കാർ പറയുന്നു.