ഡെങ്കിയിൽ ഒരു മരണം കൂടി, കനത്ത ജാഗ്രത പാലിച്ചേ മതിയാകൂ

At Malayalam
1 Min Read

ഇടുക്കി ജില്ലയിൽ ഡെങ്കിപ്പനിക്ക് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കഞ്ഞിക്കുഴി സ്വദേശിയായ 46 കാരനാണ് മരിച്ചത്. മറ്റു ചില അസുഖങ്ങൾ കൂടി ഉണ്ടായിരുന്ന ആളാണ് മരണപ്പെട്ടത് എന്നതിനാൽ മരണകാരണം ഡെങ്കിയാണോ എന്നറിയാൻ കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ കിട്ടേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

ഡെങ്കി ഏറെ കരുതലോടെ കാണേണ്ടുന്ന ഒരു അസുഖമാണ്. ഇടവിട്ടു പെയ്തു കൊണ്ടിരിക്കുന്ന മഴ കാരണം ഡെങ്കിപടരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈഡിസ് ഈജിപ്റ്റി ഇനത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കി പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുന്ന ഈ കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി പകരുകയുള്ളു.

ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും ഇത് ഗുരുതരമാകാൻ കാരണം. സാധാരണ വൈറൽ പനിയ്ക്കുണ്ടാകുന്ന ലക്ഷണങ്ങളായ കടുത്ത പനി,പിന്നാലെ തലവേദന, വിശപ്പു കുറയുക, ഛർദി, ക്ഷീണം, ശരീരം മുഴുവൻ വേദന ഇതൊക്കെ തന്നെയാണ് ഡെങ്കി പനിയുടേയയും പ്രാരംഭ ലക്ഷണങ്ങൾ. ഇതിനു പുറമേ കണ്ണിനു പിറകുഭാഗത്തായി വേദന കൂടി തുടങ്ങും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതോടെ രോഗി കൂടുതൽ അവശ നിലയിലേക്കു മാറുന്നു. അതിനു മുമ്പു, ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും വിദഗ്ധർ പറയുന്നു.

ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ് – വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് ഒരു കാരണവശാലും അനുവദിക്കരുത്. വീടും പരിസരവും എപ്പോഴും ശുചിയായി സൂക്ഷിക്കണം. കുടിയ്ക്കാൻ ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. ആഹാരം ഈച്ചയും മറ്റും സ്പർശിക്കാതെ ചൂടായി തന്നെ ഉപയോഗിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പരമാവധി ഇറങ്ങാതിരിക്കണം. കുട്ടികൾ, മുതിർന്നവർ തുടങ്ങിയവരെ സംബന്ധിച്ച് ജാഗ്രത വേണം.

- Advertisement -

ഇതോടൊപ്പം മലേറിയ, സിക്ക , ചിക്കുൻ ഗുനിയ തുടങ്ങിയ അസുഖങ്ങളും കൊതുകുകൾ വഴിയാണ് പടരുന്നത്. അതിനാൽ വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ഇത്തരം അസുഖങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ തേടാൻ മടിക്കുയും ചെയ്യരുത്.

Share This Article
Leave a comment