മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിച്ചാൽ അത് സുപ്രിം കോടതിയുടെ വിധിക്കെതിരാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ കത്തിലാണ് സ്റ്റാലിൻ ഇങ്ങനെ പറയുന്നത്. ഇതു സംബന്ധിച്ച് കേരളം നൽകിയിട്ടുള്ള അഭ്യർത്ഥന ചർച്ച ചെയ്യരുതെന്നും കത്തിലുണ്ട്. തമിഴ്നാട് ഇപ്പോൾ സംരക്ഷിക്കുന്ന അണക്കെട്ട് നിർമിച്ചത് ബ്രിട്ടീഷുകാരാണ്. അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനകളെല്ലാം സുപ്രിം കോടതിയുടെ മേൽനോട്ടത്തിലുള്ള വിദഗ്ധ സമിതി കൃത്യമായി ചെയ്തിട്ടുണ്ടന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ അണക്കെട്ട് പൊളിച്ച് പുതിയതു പണിയാം എന്നു തീരുമാനിച്ചാൽ അത് സുപ്രിം കോടതി വിധിയുടെ ലംഘനമാകുമെന്നും അത്തരത്തിലൊരു തീരുമാനമെടുത്താൽ അതിനെതിരെ തമിഴ്നാട് നിയമനടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുള്ള കത്തിൽ എം കെ സ്റ്റാലിൻ പറയുന്നു.
