എയർ ഇന്ത്യ എക്സ്പ്രസ് ഒടുവിൽ മൗനം വെടിയുന്നു. മസ്ക്കറ്റിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിൻ്റെ കുടുംബത്തിൻ്റെ പരാതിയിലാണ് എക്സ്പ്രസ് പ്രതികരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അവിചാരിതമായി നടത്തിയ സമരത്തെ തുടർന്ന് നാട്ടിൽ വരാനാകാതെ മസ്ക്കറ്റിൽ തന്നെ കുടുങ്ങി പോവുകയായിരുന്നു രാജേഷ്. അത്യാസന്ന നിലയിലായ രാജേഷ് കുടുംബത്തെ കാണാനാകാതെയാണ് വിട പറഞ്ഞത്.
അടിയന്തര ഹൃദയശസ്ത്രക്രിയ ചെയ്ത രാജേഷിൻ്റെ അടുത്തേക്ക് പോകാൻ ഭാര്യ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റെടുത്തെങ്കിലും രണ്ടു തവണ വിമാനം മുടങ്ങിയിരുന്നു. ഭാര്യ അമൃത നൽകിയ പരാതി പരിഗണനയിലാണെന്നും തീരുമാനമെടുക്കാൻ കുറച്ചു സമയം ആവശ്യമാണെന്നും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് നമ്പി രാജേഷിൻ്റെ മൃതദേഹവുമായി കുടുംബം പ്രതിഷേധിച്ചിരുന്നു. എയർ ഇന്ത്യയുടെ നിർദേശ പ്രകാരം ആവശ്യങ്ങൾ അറിയിച്ചു കൊണ്ട് ഇ മെയിലും നൽകിയിരുന്നു. ചെറിയ രണ്ട് കുട്ടികളും താനുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക അത്താണി രാജേഷ് ആയിരുന്നന്നും ജീവിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും കാണിച്ചാണ് അമൃത മെയിൽ നൽകിയിരിക്കുന്നത്. കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
