പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണം രാസപദാർത്ഥങ്ങൾ വെള്ളത്തിൽ കലങ്ങിയിട്ടാണന്ന് കേരള ഫിഷറിസ് സമുദ്ര പഠന സർവകലാശാലയുടെ (കഫോസ്) റിപ്പോർട്ട്. അമോണിയ, സൾഫൈഡ് തുടങ്ങിയ വിഷ രാസവസ്തുക്കളുടെ സാന്നിധ്യം വലിയ അളവിൽ പെരിയാറിലെ വെള്ളത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്. പരിശോധനക്കായി കുഫോസ് എടുത്ത വെള്ളത്തിൽ ഓക്സിജൻ്റെ അളവ് വളരെ കുറവായിരുന്നെന്നും രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും രാസവസ്തുക്കൾ എങ്ങനെ വെള്ളത്തിലെത്തി എന്നറിയാൻ വിശദമായ രാസപരിശോധന നടത്തണമെന്നും കുഫോസ് , ഫിഷറീസ് വകുപ്പിന് കൈമാറിയ റിപ്പോർട്ടിലുണ്ട്.
മീനുകൾ ചത്തു പൊങ്ങിയത് ഏലൂരിലെ ഷട്ടറുകൾ ക്രമാതീതമായി ഉയർത്തിയതുകൊണ്ടാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ആരോപിച്ചിരുന്നു.
അമിതമായി ജലം ഒഴുകിയപ്പോൾ ഓക്സിജൻ്റെ അളവ് വെള്ളത്തിൽ ഏറെ താഴ്ന്നതാണ് കാരണമായി ബോർഡ് പറഞ്ഞിരുന്നത്. വെള്ളം നിയന്ത്രിച്ചു വിടുന്നതിൽ ഇറിഗേഷൻ വകുപ്പിന് വീഴ്ച പറ്റിയെന്നും ബോർഡിൻ്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിനെയൊക്കെ പാടേ തള്ളുന്ന കണ്ടെത്തലുകളാണ് കുഫോസിൻ്റെ റിപ്പോർട്ടിലുള്ളത്
