വെള്ളത്തിൽ വീണ കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃശൂർ എടപ്പാൾ സ്വദേശി 14 കാരൻ അക്ഷയ് ആണ് മരിച്ചത്. എടപ്പാൾ വെള്ളറക്കാട് പുരുഷോത്തമൻ്റെ മകനാണ് മരിച്ച അക്ഷയ്. രാവിലെ മാതാവിൻ്റെ കുടുംബ വീട്ടിലെത്തിയ അക്ഷയ് മണ്ണെടുത്ത കുഴിയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരനാണ് ആദ്യം മുങ്ങിപ്പോയത്. കൂട്ടുകാരനെ രക്ഷിയ്ക്കാനായി വെള്ളത്തിൽ ചാടിയ അക്ഷയ് കുഴിയിലേക്ക് താഴ്ന്നു പോവുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മറ്റു കുട്ടികളെയൊക്കെ രക്ഷിച്ചത്. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മഴക്കാലമായതിനാൽ കുളിക്കാനും മറ്റുമായി ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികാരികൾ അറിയിക്കുന്നു. കുട്ടികളും പ്രായമായവരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.