ഇന്ത്യയിലെ സമുന്നതനായ സി പി എം നേതാവും കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഇന്ന് 79 ആം പിറന്നാൾ. കമ്മ്യൂണിസ്‌റ്റ് പാർട്ടി പിറവി കൊണ്ട കണ്ണൂർ ജില്ലയിലെ പിണറായിയിൽ തന്നെയാണ് അദ്ദേഹം 1945 മെയ് 24 ന് ജനിച്ചത്. സാധാരണക്കാരായ ഒരു ചെത്തുതൊഴിലാളി കുടുംബത്തിലാണ് അദ്ദേഹത്തിൻ്റെ ജനനം. 14 മക്കൾ പിറന്ന കുടുംബത്തിൽ 11 പേരും അകാലത്തിൽ പൊലിഞ്ഞപ്പോൾ വിജയൻ എന്ന കുട്ടി അടക്കം മൂന്നു പേർ മാത്രമാണ് അവശേഷിച്ചത്. സ്കൂൾ ക്ലാസുകൾ പൂർത്തിയാക്കിയ വിജയൻ, ജീവിതം കരുപ്പിടിപ്പിക്കാൻ നെയ്ത്ത് തൊഴിലായി സ്വീകരിച്ചു. കോളജിൽ പഠിക്കാൻ ചേരുമ്പോൾ അദ്ദേഹം ഒരു മികച്ച നെയ്ത്തുകാരൻ കൂടിയായിരുന്നു. അക്കാലത്തെ, തൊഴിലെടുത്ത് ജീവിക്കുന്നവൻ്റെ വേദനകളും കഷ്ടപ്പാടുകളും ആ ഇളം പ്രായത്തിൽ തന്നെ, പോരാട്ടങ്ങളുടെ കനൽ വഴികളിലേക്കുള്ള യാത്രകളിലെ ബാലപാഠങ്ങളായി അദ്ദേഹം കണ്ടിട്ടുണ്ടാകും.
തലശ്ശേരി ബ്രണ്ണൻ കോളജിലെത്തിയ വിജയൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കുമ്പോഴേക്കും തികഞ്ഞ ഒരു രാഷ്ട്രീയ നേതാവായി കൂടി വളർന്നിരുന്നു. കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ്റെ (കെ എസ് എഫ്) കണ്ണൂർ ജില്ലാ സെക്രട്ടറിയായ സഖാവ് പിണറായി വിജയനായി മാറിയിരുന്നു അന്ന് അദ്ദേഹം. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) രൂപം കൊണ്ടപ്പോൾ തന്നെ പിണറായി വിജയൻ അതിൽ അംഗമാവുകയും സജീവ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു.

എഴുപതുകളിൽ തലശ്ശേരിയിൽ വർഗീയ സംഘർഷം ഉണ്ടായപ്പോൾ അതിനു തടയിടാൻ, അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന സി എച് കണാരൻ തലശ്ശേരിക്കയച്ചത് പിണറായി വിജയനെ ആയിരുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും നേതൃ പാടവത്തിനുമുള്ള അംഗീകാരം കൂടിയായിരുന്നു അത്. ആ ആർജവത്തിൻ്റെ നാൾ വഴികളിൽ, മാറാട് കലാപകാരികൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിലൂടെ അവിടെയുമെത്തി തലയുയർത്തി നിന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് എന്ന നാഴികക്കല്ലുമുണ്ട്.
അടിയന്തരാവസ്ഥയിൽ ഒന്നരക്കൊല്ലം ജയിലലടക്കപ്പെട്ട പിണറായി വിജയൻ അതിക്രൂരമായ പീഡനങ്ങൾക്കും ഇരയായി. 1970 ൽ 26 വയസു മാത്രം പ്രായമുള്ളപ്പോഴാണ് പിണറായി വിജയൻ കൂത്തുപറമ്പ് നിയമസഭാംഗമാകുന്നത്. 1991 ൽ വീണ്ടും കൂത്തുപറമ്പിൻ്റെ തന്നെ ജനപ്രതിനിധിയായ അദ്ദേഹം 1996 ൽ പയ്യന്നൂരിൻ്റെ എം എൽ എ യാവുകയും സഹകരണ – വൈദ്യുതി വകുപ്പുമന്ത്രിയാവുകയും ചെയ്തു. കേരളം കണ്ട മികച്ച വൈദ്യുതി മന്ത്രി എന്ന് ഇന്നും അദ്ദേഹം അറിയപ്പെടുന്നു. പിന്നാലെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന് ഒരു ഇടവേള നൽകി സജീവ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തുന്നു അദ്ദേഹം. 1998 ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയൻ 2015 വരെ ആ സ്ഥാനത്തിരുന്ന് പാർട്ടിക്കു നൽകിയ ഊർജം ചെറുതല്ല. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായും വിവിധ സ്ഥാനങ്ങളിൽ തുടർച്ചയായി ചിട്ടയായി പ്രവർത്തനം നടത്തി വന്ന നേതാവ് എന്ന നിലയിലും നേടിയെടുത്ത പ്രായോഗിക അറിവുകൾ ഇന്നും അദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്കുള്ള അതിശക്തമായ കരുത്താണ്.

2016 ൽ വീണ്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ പിണറായി വിജയൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. 2016 – 2021 കാലഘട്ടം കേരളം നിരവധിയായ ദുരന്ത ദൂരങ്ങൾ താണ്ടേണ്ടി വന്നു. പെരു വെള്ളത്തിലാണ്ടു പോയ കേരളത്തെ ഇരു കൈകളിലും തുഴയേന്തി, കൂട്ടേണ്ടവരെയൊക്കെ കൂടെ കൂട്ടി കരുത്തോടെ തുഴയെറിഞ്ഞ് വീണ്ടും കരയിലെത്തിച്ചു. ഇരുട്ടടികൾ ആവർത്തിച്ചു. മനുഷ്യർ പരസ്പരം കാണാൻ പോലും ആകാത്തവണ്ണം അദൃശ്യ രോഗാണുക്കൾ ലോകത്തെ കീഴടക്കി ഇരുട്ടറയിലാക്കിയപ്പോഴും ഓരോ നിമിഷവും, ഒപ്പമുണ്ട്, ഭയക്കരുത് ജാഗ്രത മതി എന്ന സന്ദേശം നൽകി തോളോടുതോൾ ചേർത്തതും അക്കാല ചരിത്രത്തിൽ രേഖപ്പെടുത്തിയതാണ്.
2021 ൽ കേരളം ഒന്നായി പിണറായിയുടെ നേതൃത്വം വീണ്ടും അടിവരയിട്ട് അംഗീകരിച്ചു കൊടുത്തു. കേരളത്തെ വീണ്ടും പിണറായി നയിക്കുന്നു. അദ്ദേഹത്തിൻ്റെ ശരീരഭാഷയും ആരോടും കൂസലന്യേ, എന്തും വെട്ടിത്തുറന്നു പറയുന്ന ആർജ്ജവവും, എന്തിന് അദ്ദേഹത്തിൻ്റെ ജാതി പോലും പലവട്ടം വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും കാരണമായിട്ടുണ്ട്. ആരും പാലൂട്ടിയും തേൻ കൊടുത്തും ലാളിച്ചും വളർത്തിയതല്ല പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനെ എന്നത് യാഥാർത്ഥ്യമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, അതങ്ങ് സമ്മതിച്ചു കൊടുക്കാൻ ഒരു മടിയുണ്ട് എന്നു മാത്രം. അതിലൊന്നും കുലുങ്ങാതെ ‘അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങല്ല, ഈ നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ഞങ്ങളുടെ പ്രശ്നങ്ങൾ’ എന്ന് തലയുയർത്തി പറഞ്ഞ് പിണറായി വിജയൻ നമുക്കിടയിൽ തന്നെയുണ്ട്.

80 ൻ്റെ യുവത്വത്തിന്, സഖാവ് പിണറായി വിജയന്, കേരളത്തിൻ്റെ ആദരണീയനായ മുഖ്യമന്ത്രിക്ക് ആശംസകൾ