കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൻ്റെ ഇന്നത്തെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിച്ചവരൊക്കെ അത്ഭുതപ്പെട്ടു. എന്താണ് സംഗതി എന്നറിയാൻ കേരളത്തിനു പുറത്തുള്ള പലരും നാട്ടിലേക്കു വിളിച്ചു. ആർക്കും ഒന്നും മനസിലായതുമില്ല.
കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. അപകടത്തിൽപ്പെട്ടവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ – ഇതായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റ്.
സാമൂഹിക മാധ്യമങ്ങളിൽ പിന്നെ ട്രോളോടു ട്രോളായിരുന്നു. ഈ മന്ത്രിക്കിതെന്തുപറ്റി…. ഒരിടത്തുമഴ… ഒരിടത്ത് ദുഃഖം…. ഇങ്ങനെ തുടങ്ങി ട്രോളുകളുടെ നീണ്ട നിര. ഒടുവിൽ മന്ത്രി തന്നെ പോസ്റ്റ് മുക്കി.

മന്ത്രി ശിവൻ കുട്ടിയും ട്രോൾ മോശമാക്കിയില്ല..
ഇപ്പോൾ കണ്ടത് 2018 എന്ന സിനിമയാണ്…. തെരഞ്ഞെടുപ്പു കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ടൊന്ന് വന്നാൽ പൂർണബോധം പോകാതെ രക്ഷപ്പെടാം ….. എന്നായി ശിവൻ കുട്ടിയും.
മന്ത്രിക്ക് എവിടന്ന് കിട്ടി ഈ പ്രളയവും മരണവുമെന്ന അമ്പരപ്പിലാണ് ബി ജെ പി പ്രവർത്തകരും.