ഓർമയിലെ ഇന്ന് : മെയ് – 22 : ബഹദൂർ

At Malayalam
3 Min Read

സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ, അരനൂറ്റാണ്ടു കാലത്തോളം ഹാസ്യനടന്‍റെയും സഹനടന്‍റെയും നായകന്‍റെയും ഒക്കെ വേഷം കെട്ടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത മലയാളത്തിന്‍റെ പ്രിയപ്പെട്ട ബഹദൂര്‍ക്ക.

കഷ്ടപ്പാടിലായിരുന്ന തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി സിനിമാരംഗത്തു വന്ന ബഹദൂര്‍ , പിന്നീട് കഷ്ടപ്പെടുന്ന പല പുതിയ കലാകാരന്മാര്‍ക്കും ആശ്വാസവും അഭയവുമായിട്ടുണ്ട്. 1935 ല്‍ കൊടുങ്ങല്ലൂര്‍ പടിയത്ത് ബ്ളാങ്ങാലില്‍ കൊച്ചുമൊയ്തിന്‍റെയും ഖദീജയുടെയും ഒമ്പതുമക്കളില്‍ ഒരുവനായി പി കെ കുഞ്ഞാലു എന്ന ബഹദൂര്‍ ജനിച്ചു.

എട്ടു സഹോദരങ്ങളില്‍ ഏഴു പേരും പെൺകുട്ടികളായിരുന്നു. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തിലും പഠിക്കുമ്പോള്‍ത്തന്നെ കുഞ്ഞാലുവിന്‍റെ മനസ്സുനിറയെ നാടകവും സിനിമയും ആയിരുന്നു. കുഞ്ഞാലു പഠിത്തത്തിലും അഭിനയത്തിലും മിടുക്കന്‍കുട്ടിയായിരുന്നു. പത്താംക്ളാസ് പരീക്ഷയില്‍ ഫസ്റ്റ് ക്ളാസ് നേടുകയും കോഴിക്കോട് ഫറോക്ക് കോളജില്‍ ഇന്‍റര്‍മീഡിയറ്റിന് ചേരുകയും ചെയ്തു.

സാമ്പത്തിക പ്രശ്നങ്ങള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നതിനാല്‍ പഠനം തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സ്വകാര്യ ബസ്സില്‍ കണ്ടക്ടറായത് അപ്പോഴാണ്. അപ്പോഴും നാടക നടനാകണമെന്ന മോഹമാണ് മനസ്സിലുണ്ടായിരുന്നത്. ജില്ലാ കളക്ടറായിരുന്ന അബ്ദുള്ള കുഞ്ഞാലുവിന്‍റെ അടുത്ത ബന്ധുവായിരുന്നു. അന്നത്തെ ഡെപ്യൂട്ടി കളക്ടറായിരുന്ന ഓമനക്കുഞ്ഞമ്മയുടെ സഹോദരനായിരുന്നു പ്രശസ്ത നടനായിരുന്ന തിക്കുറുശ്ശി സുകുമാരന്‍ നായര്‍. അങ്ങനെ ഓമനക്കുഞ്ഞമ്മ കുഞ്ഞാലുവിനെ തിക്കുറുശ്ശിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും തിക്കുറുശ്ശി കുഞ്ഞാലുവിനെ ബഹദൂറാക്കി മാറ്റി സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്തു. 1954 ല്‍ “അവകാശി’ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് ബഹദൂര്‍ ആദ്യം അഭിനയിച്ചത്. ഇക്കാലത്ത് ആകാശവാണിയിലും അമച്വര്‍ – പ്രെഫഷണല്‍ നാടകങ്ങളിലും അഭിനയിച്ച് അദ്ദേഹം പേരെടുത്തു കഴിഞ്ഞിരുന്നു. നീലാ പ്രൊഡക്ഷന്‍സിന്‍റെ ചിത്രങ്ങളില്‍ സ്ഥിരം പ്രതൃക്ഷപ്പെട്ട ബഹദൂറിനെ ഏറെ പ്രശസ്തനാക്കിയത് “പാടാത്ത പൈങ്കിളി’ എന്ന ചിത്രത്തിലെ “ചക്കരവക്കല്‍’ എന്ന കഥാപാത്രമാണ്. ഈ ചിത്രത്തിന്‍റെ വന്‍വിജയത്തോടെ ബഹദൂര്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിത്തീരുകയായിരുന്നു. ഉദയായുടെ നീലിസാലിയിലും പിന്നീട് മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ എന്ന ചിത്രത്തിലും നായകനായി. അടൂര്‍ഭാസി-ബഹദൂര്‍ ടീം ലോറല്‍ ആന്‍ഡ് ഹര്‍ഡി പോലെ മലയാള സിനിമയില്‍ പൊട്ടിച്ചിരിയുടെ യുഗം തന്നെ സൃഷ്ടിച്ചു.

- Advertisement -

സ്വഭാവനടനായും ബഹദൂര്‍ സ്വന്തം പ്രതിഭ തെളിയിച്ചു. മഞ്ഞിലാസിന്‍റെ കടല്‍പ്പാലം, വാഴ് വേമായം, യക്ഷി, അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്നീ സിനിമകളില്‍ അദ്ദേഹം ഉജ്ജ്വലമായ ഭാവാഭിനയമാണ് കാഴ്ചവച്ചത്.

1970, 72 വര്‍ഷങ്ങളില്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് , 1973 ലും 76 ലും മികച്ച സഹനടനുള്ള സംസ്ഥാന ഗവര്‍മെന്‍റിന്‍റെ പുരസ്കാരം, 1976 ല്‍ മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ഗവര്‍മെന്‍റിന്‍റെ പുരസ്കാരം എന്നിവ നേടി.

നാടകങ്ങളിലും അദ്ദേഹം സ്വന്തം കഴിവ് തെളിയിച്ചിട്ടുണ്ട്. ബഹദൂറിന്‍റെ പങ്കാളിത്തത്തോടെയുള്ള നാടകക്കമ്പനിയുടെ മാണിക്യക്കൊട്ടാരം, ബല്ലാത്ത പഹയന്‍ എന്നീ നാടകങ്ങള്‍ കേരളത്തിലുടനീളം അരങ്ങേറി പ്രസിദ്ധി നേടി. നാടകത്തിന്‍റെ കീര്‍ത്തി പിന്നീട് ഇതിനെ സിനിമയാക്കുവാനും ബഹദൂറിനെ പ്രേരിപ്പിച്ചു. ഭരതന്റെ ആരവം, പി എ ബക്കറിന്റെ മാൻപേട എന്നീ ചിത്രങ്ങൾ നിർമ്മിച്ചു.

കെ സി ലാബ് എന്ന പേരില്‍ അദ്ദേഹം തിരുവനന്തപുരത്ത് ബ്ലാക്ക് & വൈറ്റ് പ്രോസസിംഗ് സ്റ്റുഡിയോ തുടങ്ങി. ഇതിന്‍റെ പണി പൂര്‍ത്തിയാകുമ്പോഴേക്കും സിനിമ ബ്ലാക്ക് & വൈറ്റിൽ നിന്ന് പൂര്‍ണ്ണമായും കളറിലേക്ക് മാറിയിരുന്നു. അതോടെ കടം പെരുകി. അദ്ദേഹത്തിന്‍റെ സ്ഥാപനം ജപ്തി ചെയ്തു. വിതരണക്കമ്പനി തുടങ്ങിയെങ്കിലും അതും പരാജയപ്പെട്ടു. അദ്ദേഹം നിര്‍മ്മിച്ച നാലഞ്ചു സിനിമകളും വിജയിച്ചില്ല.

എന്നാല്‍ സിനിമയില്‍ അഭിനയിച്ചു കിട്ടിയ പ്രതിഫലം കൊണ്ട് അദ്ദേഹത്തിന് അഞ്ചു സഹോദരിമാരെ വിവാഹം കഴിച്ചയപ്പിയ്ക്കാന്‍ സാധിച്ചു. മരിച്ചു പോയ സഹോദരന്‍റെ മകളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞു. ഒപ്പം സ്വന്തം മക്കളെയും നല്ല നിലയില്‍ എത്തിച്ചു. ഏതാണ്ട് 46 വര്‍ഷക്കാലം മലയാള സിനിമാ പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിലപ്പോള്‍ കരയിപ്പിക്കുകയും ചെയ്തു. ഹാസ്യവും ഗൗരവവും ഒരു പോലെ വഴങ്ങുമെന്ന് തെളിയിച്ച മഹാ പ്രതിഭയായിരുന്ന ഒരു നടന് അദ്ദേഹത്തിന്‍റെ അവസാന ചിത്രത്തില്‍ ഏറെ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടുക എന്നത് ആ നടനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. ആ മഹാഭാഗ്യമാണ് മലയാളത്തിന്റെ അതുല്യ കലാകാരന്‍ ബഹദൂറിന് ലഭിച്ചത്. കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടിയ സർക്കസ് കലാകാരനായി ഏവരുടെയും ഉള്ളുലക്കുന്ന കഥാപാത്രമായി ലോഹിതദാസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജോക്കര്‍ എന്ന ചിത്രത്തിൽ ആണ് അവസാനമായി വേഷമിട്ടത്. 2000 മേയ് 22 ന് അദ്ദേഹം അന്തരിച്ചു

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment