ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മ തൊട്ടിലിൽ ഇന്നലെ മൂന്നാഴ്ച പ്രായം വരുന്ന പെൺകുഞ്ഞിനെ കിട്ടി. തിങ്കളാഴ്ച രാവിലെ മുതൽ ജില്ലയിൽ ഉടനീളം കനത്ത മഴയായിരുന്നു. മഴയത്ത് കിട്ടിയ കുഞ്ഞിന് മഴ എന്ന പേര് തന്നെ നൽകി ശിശുക്ഷേമ സമിതി. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തോന്നാത്ത കുഞ്ഞിനെ പരിശോധനകൾക്കായി തൈയ്ക്കാടുള്ള മാതൃ – ശിശു ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിലേയ്ക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം തൈയ്ക്കാട് പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലിൽ കിട്ടുന്ന അഞ്ഞൂറ്റി തൊണ്ണൂറ്റി ഒമ്പതാമത്തെ കുഞ്ഞാണിത്. 2002 ലെ ശിശുദിനത്തിലാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. ഇവിടെ ലഭിച്ച 25 കുഞ്ഞുങ്ങൾ വിവിധ കാലങ്ങളിലായി പുതിയ മാതാപിതാക്കളുടെ ഒപ്പം സുരക്ഷിതരായി പലയിടങ്ങളിൽ വളരുന്നുണ്ടന്ന് ശിശുക്ഷേമ സമിതിയുടെ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു. സമിതിയെ സംബന്ധിച്ച് വലിയ സന്തോഷമുണ്ടാക്കുന്നതാണിത്. പുതുതായി കിട്ടിയ കുഞ്ഞിൻ്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങും. കുഞ്ഞിന് അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം സമിതിയുമായി ബന്ധപ്പെടണമെന്നും സെക്രട്ടറി അറിയിച്ചു.