കാട്ടാനക്ക് മധുരം എറിഞ്ഞു കൊടുത്ത് പ്രകോപിപ്പിച്ച തമിഴ്നാട്ടിൽ നിന്നെത്തിയ ഏഴംഗ വിനോദ സഞ്ചാരികൾകെതിരെ കേസെടുത്തു. അതിരപ്പിള്ളിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിൽ പന്തയം വച്ച് റാണി പേട്ട് സ്വദേശിയായ ഷൗക്കത്താണ് കാട്ടാനയുടെ സമീപത്തു ചെന്ന് ആനയെ ലക്ഷ്യമാക്കി മധുര പലഹാരങ്ങൾ എറിഞ്ഞത്. അല്പ സമയം അനങ്ങാതെ നിന്ന ആന സംഘത്തിനു നേരേ ചിന്നംവിളിച്ച് പാഞ്ഞടുത്തു. ഓടി വണ്ടിയിൽ കയറി സംഘം രക്ഷപ്പെടുകയായിരുന്നു.
സുഹൃത് സംഘത്തിനു പിന്നാലെ വന്ന ഒരു മലയാളി കുടുംബം ഈ രംഗങ്ങൾ വീഡിയോയിൽ പകർത്തി വനം വകുപ്പിനു കൈമാറുകയായിരുന്നു. വീഡിയോയിലെ വണ്ടി നമ്പർ വച്ച് സംഘാംഗങ്ങളെ തിരിച്ചറിഞ്ഞ് വനം വകുപ്പ് കേസെടുക്കുകയായിരുന്നു. പിന്നാലെ വന്നവർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
കഴിഞ്ഞ മാസം അതിരപ്പിള്ളിയിൽ കാട്ടാനകൾ ഒരു ആംബുലൻസിനു നേരേ പാഞ്ഞടുത്തിരുന്നു. ഡ്രൈവർ ബുദ്ധിപരമായി വണ്ടി ഒതുക്കി രോഗിയേയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പുറത്തു നിന്നു വരുന്ന വിനോദ സഞ്ചാരികൾ ഇത്തരത്തിൽ കാട്ടാനകളെ പ്രകോപിപ്പിക്കുന്നതു കൊണ്ടു കൂടിയാണ് അവ ജനവാസമേഖലകളിൽ ഇറങ്ങി നാശമുണ്ടാക്കുന്നതെന്നും സഞ്ചാരികൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.