അരവിന്ദ് കെജരിവാളിൻ്റെ പി എ ബൈഭവ് കുമാറിനെ ഡെൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു. ആം ആദ്മി പാർട്ടിയുടെ തന്നെ പാർലമെൻ്റംഗമായ സ്വാതി മാലിവാളിനെ ആക്രമിച്ചു എന്ന കുറ്റത്തിനാണ് ബൈഭവിനെ അറസ്റ്റു ചെയ്തത്. ബൈഭവിൽ നിന്ന് തനിക്ക് അതി ക്രൂരമായ മർദനമാണ് ഏൽക്കേണ്ടി വന്നതെന്ന് സ്വാതി നേരത്തേ പൊലിസിന് മൊഴിനൽകിയിരുന്നു.
സംഭവ ദിവസം രാവിലെ അരവിന്ദ് കെജരിവാളിൻ്റെ വീട്ടിലെത്തിയ തന്നോട് ബൈഭവ് മോശമായാണ് സംസാരിച്ചതെന്നും സ്വീകരണ മുറിയിൽ വച്ച് തൻ്റെ നെഞ്ചിലും അടിവയറ്റിലുമൊക്കെ ചവിട്ടുകയും മുടിയിൽ കുത്തിപ്പിടിച്ച് നിലത്തിട്ട് വലിച്ചിഴച്ചെന്നും സ്വാതി പരാതിപ്പെട്ടിരുന്നു. സംഭവ സമയത്ത് കെജരിവാൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സ്വാതി മൊഴി നൽകിയിരുന്നു.
അതേ സമയം ബി ജെ പി യാണ് ഈ പ്രശ്നങ്ങൾക്കു പിന്നിലെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നു. സ്വാതി മാലിവാൾ ബി ജെ പി യുടെ കയ്യിലെ പാവയാണെന്നും ബൈഭവ് കുമാർ അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ആം ആദ്മി നേതാക്കൾ പറഞ്ഞു.